മാവേലിക്കര: ദേവസ്വം ബോർഡ് ഉൾപ്പെടെ വിവിധ സർക്കാർ വകുപ്പുകളിൽ ജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ കേസിൽ മുഖ്യ സൂത്രധാരനെന്നു കരുതപ്പെടുന്ന ചെട്ടികുളങ്ങര ഈരേഴ വടക്ക് ചാക്കര കിഴക്കതിൽ ദീപു ത്യാഗരാജനെ (39) അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി.
കേസിലെ മറ്റു പ്രധാന പ്രതികളായ ചെട്ടികുളങ്ങര കടവൂർ കല്ലിട്ടകടവിൽ വി വിനീഷ് രാജ് (32), ചെട്ടികുളങ്ങര പേള പള്ളിയമ്പിൽ വി.അരുൺ (24) എന്നിവർക്കൊപ്പം ചോദ്യം ചെയ്യുന്നതിനാണു ദീപു ത്യാഗരാജനെ കസ്റ്റഡിയിൽ ലഭിക്കാനായി പൊലീസ് കോടതിയിൽ അപേക്ഷ നൽകിയത്.
ഇതിനിടെ വിനീഷിനെയും അരുണിനെയും മറ്റൊരു പരാതിയിൽ വീണ്ടും അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചു.
ഇതിനു പിന്നാലെയാണു ദീപുത്യാഗരാജനെ കസ്റ്റഡിയിൽ ലഭിച്ചത്. കേസിലെ പ്രധാന തെളിവായ വ്യാജസീൽ കണ്ടെത്താൻ ഇതുവരെ സാധിക്കാത്ത സാഹചര്യത്തിലാണു മൂന്നു പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ആലോചിക്കുന്നത്.
ദീപുവിനെ കസ്റ്റഡിയിൽ ലഭിച്ച സാഹചര്യത്തിൽ ഒറ്റയ്ക്കു ചോദ്യം ചെയ്ത ശേഷം മറ്റുള്ളവരെ വിളിപ്പിച്ചു ഒരുമിച്ചു ചോദ്യം ചെയ്യാൻ പൊലീസ് ആലോചിക്കുന്നുണ്ട്.