തിരുവനന്തപുരം: നിയമനക്കോഴക്കേസിൽ ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരേ ഗൂഢാലോചന നടന്നുവെന്ന ആരോപണം തെളിയിക്കാനാകാതെ പോലീസ്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറി എംവി. ഗോവിന്ദനും മന്ത്രിയുടെ ഓഫീസിനെതിരേ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആരോപിച്ചിരുന്നു.
കേസിൽ അറസ്റ്റിലായ പ്രതികൾ പരസ്പര വിരുദ്ധമായ മൊഴികൾ നൽകിയതാണ് ഗൂഢാലോചന കണ്ടെത്താൻ സാധിക്കാത്തതിന് കാരണമെന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
കേസിലെ മുഖ്യപ്രതികളായ ബാസിത്തും അഖിൽ സജീവും പോലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതും പരസ്പര വിരുദ്ധവുമായ മൊഴികൾ നൽകുകയും കേസിലെ മറ്റൊരു പ്രതിയായ ലെനിൻ രാജിനെ പിടികൂടാൻ സാധിക്കാത്തതുമാണ് ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിന് തടസമെന്നാണ് അറിയാൻ സാധിച്ചത്.
മുൻ എഐഎസ്എഫ് നേതാവ് ബാസിത്തിന്റെ നിർദേശാനുസരണമാണ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യു ഒരു ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണം താൻ ഉന്നയിച്ചതെന്നാണ് മലപ്പുറം സ്വദേശിയായ ഹരിദാസ് ഏറ്റവും അവസാനം കന്റോണ്മെന്റ് പോലീസിൽ മൊഴി നൽകിയത്.
ബാസിത്തിനെ അറസ്റ്റ് ചെയ്ത് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മുൻ എസ്എഫ്ഐ പ്രവർത്തകനും കേസിലെ മറ്റൊരു പ്രതിയുമായ ലെനിൻരാജാണ് അഖിൽ മാത്യുവിന്റെ പേര് ഉന്നയിക്കാൻ തന്നോട് പറഞ്ഞതെന്നാണ് ബാസിത്ത് വെളിപ്പെടുത്തിയത്.
അഖിൽ മാത്യുവിനെതിരേ പരാതി ഹരിദാസിന് എഴുതി നൽകി മന്ത്രിയുടെ ഓഫീസിൽ നൽകാൻ പ്രേരിപ്പിച്ചത് താനാണെന്ന് ബാസിത്ത് അന്വേഷണ സംഘത്തോട് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.
ലെനിൻ രാജിനെ പിടികൂടി ചോദ്യം ചെയ്താൽ മാത്രമേ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിന്റെ പേര് ഉന്നയിക്കാൻ ബാസിത്തിനോട് വ്യക്തമാക്കിയതിന്റെ കാര്യത്തെക്കുറിച്ച് വ്യക്തത വരുകയുള്ളുവെന്നാണ് പോലീസ് പറയുന്നത്. ്