തിരുവനന്തപുരം: നിയമനക്കോഴക്കേസിലെ പ്രതി ബാസിത്തിന്റെ മലപ്പുറത്തെ തെളിവെടുപ്പ് പൂർത്തിയാക്കി കന്റോണ്മെന്റ് പോലീസ് സംഘം തിരുവനന്തപുരത്തെത്തി. ശനിയാഴ്ചയും ഞായറാഴ്ചയുമായി കന്റോണ്മെന്റ് പോലീസ് ബാസിത്തിനെയും കൂട്ടി ഹരിദാസുമായി ചർച്ച നടത്തിയ സ്ഥലങ്ങളിലും ബാസിത്തിന്റെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
തെളിവെടുപ്പ് പൂർത്തിയാക്കി ഇന്ന് രാവിലെയോടെയാണ് അന്വേഷണ സംഘം ബാസിത്തിനെയും കൂട്ടി തിരുവനന്തപുരത്തെത്തിയത്. കന്റോണ്മെന്റ് എസ്എച്ച്ഒ ബി.എം. ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പിന് നേതൃത്വം നൽകിയത്.
കേസിലെ പ്രധാനപ്രതികളിലൊരാളായ അഖിൽ സജീവിനെയും ബാസിത്തിനെയും ഒരുമിച്ചിരുത്തി ഇന്ന് ചോദ്യം ചെയ്യും. ബാസിത്തിന്റെ നിർദേശാനുസരണമാണ് അഖിൽ സജീവ് മലപ്പുറം സ്വദേശിയായ ഹരിദാസിന്റെ മരുമകൾക്ക് മെഡിക്കൽ ഓഫീസർ നിയമനം ശരിയാക്കി കൊടുക്കാമെന്ന് വാഗ്ദാനം നൽകി ഹരിദാസിനെ സമീപിച്ചതെന്നാണ് അഖിൽ സജീവ് നേരത്തെ പോലീസിന്റെ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു.
ഹരിദാസും ഇക്കാര്യം ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. ബാസിത്തും അഖിൽ സജീവും നേരത്തെ ചോദ്യം ചെയ്യൽ വേളയിൽ പറഞ്ഞ കാര്യങ്ങളിൽ കുടുതൽ വ്യക്തത ഉറപ്പാക്കാനാണ് ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത്.
നേരത്തെ കേസിലെ മറ്റൊരു പ്രതിയായ റഹീസിനെയും അഖിൽ സജീവിനെയും ഒരുമിച്ചിരുത്തി പോലീസ് ചോദ്യം ചെയ്തിരുന്നു. ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം അഖിൽ മാത്യു ഹരിദാസിൽ നിന്നും ഒരു ലക്ഷം രൂപ കോഴ വാങ്ങിയെന്ന് ആരോപണം ഉന്നയിക്കാൻ ഹരിദാസിനെ പ്രേരിപ്പിച്ചത് ബാസിത്തായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഹരിദാസും ഈ മൊഴി ആവർത്തിച്ചു.അഖിൽ സജീവ്, റഹീസ്, ബാസിത്ത്, ലെനിൻരാജ് എന്നിവർ ഉൾപ്പെടെ നാല് പേരെയാണ് കേസിൽ പ്രതിയാക്കിയിരിക്കുന്നത്. ഇതിൽ ലെനിൻരാജ് ഒളിവിലാണ്. മറ്റ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
റിമാന്ഡിലായിരുന്ന അഖിൽ സജീവിനെയും ബാസിത്തിനെയും വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി കോടതിയിൽ അപേക്ഷ നൽകി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.