കാട്ടാക്കട :പിഎസ്സി വഴി പരീക്ഷാ ഭവനിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ സെന്ററിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയക്കേസിലെ പ്രതിയെ വിളപ്പിൽശാല പോലീസ് പിടികൂടി. പേട്ട പ്രിയശ്രീ ടിസി 30/ 10 ൽ ശുഭ (42) ആണ് അറസ്റ്റിലായത്.
പുളിയറക്കോണം സ്വദേശികളായ ദമ്പതിമാരിൽ നിന്നും 380000 രൂപ കൈക്കലാക്കി മുങ്ങിയ പ്രതിയെ കോഴിക്കോട് ബാലുശേരിക്കടുത്തുള്ള കാട്ടംമ്പാടി എന്ന സ്ഥലത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഡിവൈഎസ്പി പ്രശാന്ത്, വിളപ്പിൽശാല ഇൻസ്പെക്ടർ സുരേഷ്കുമാർ, എസ്ഐ ഗംഗാപ്രസാദ്, എഎസ്ഐ ബൈജു, സിപിഒ പ്രദീപ്, സ്വാതി എന്നിവർ അടങ്ങിയ സംഘമാണ് പിടികൂടിയത്.
ശുഭയുടെ ഭർത്താവായ രണ്ടാം പ്രതി സാബു നേരത്തെ അറസ്റ്റിലായിരുന്നു. ശുഭയ്ക്ക് മണ്ണന്തല പോലീസ് സ്റ്റേഷനിലും ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി സാമ്പത്തിക തട്ടിപ്പ്ക്കേസുകൾ നിലവിലുണ്ട്.
ഭാര്യാ ഭർത്താക്കന്മാരായ പ്രതികൾ ആദ്യം അടുപ്പം കാണിച്ച് നല്ല ബന്ധം പുലർത്തിയശേഷം പിഎസ്സി വഴി ജോലി ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുകയും ജില്ല വിട്ട് ആർഭാട ജീവിതം നയിക്കുകയായിരുന്നു.
സംസ്ഥാനത്ത് നിരവധി പേർ തട്ടിപ്പിന് ഇരയായതായി പോലീസ് പറയുന്നു.