ആലുവ: കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലും വിദേശത്തും ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് ഒളിവിൽ പോയ പ്രതിയെ ഹോട്ടലിൽ വിളിച്ചുവരുത്തി പോലീസ് പിടികൂടി. തൊടുപുഴ മഞ്ഞള്ളൂർ വടവുകോട് കണിയാംകണ്ടത്തിൽ ടോമി എന്ന് വിളിക്കുന്ന സൽജി അഗസ്റ്റ്യൻ (43)ആണ് ആലുവയിൽ വടക്കേക്കര പോലീസിന്റെ പിടിയിലായത്.
നവമാധ്യമങ്ങളിലൂടെ പ്രതിയുടെ പുതിയ ഫോൺ നമ്പർ കണ്ടെത്തിയ ശേഷം പരാതിക്കാരുടെ ബന്ധുവായ ഒരു പെൺകുട്ടി വഴിയാണ് പ്രതിയെ ബന്ധപ്പെട്ടത്. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്യുകയും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.
ധാരണയനുസരിച്ച് മുൻകൂറായി നൽകേണ്ട ഒരു ലക്ഷം രൂപയുമായി പെൺകുട്ടിയും പിതാവും ഇന്നലെ ആലുവ ബൈപ്പാസിലെ ഇഫ്താർ ഹോട്ടലിൽ വാങ്ങാനെത്തിയപ്പോഴാണ് മഫ്തിയിലെത്തിയ പോലീസ് പ്രതിയെ പിടികൂടിയത്.
പെൺകുട്ടിക്കൊപ്പം പിതാവും ഉണ്ടായിരുന്നു. പോലീസ് പേര് ചോദിച്ചപ്പോൾ സഞ്ചു എന്ന വ്യാജ പേര് പറഞ്ഞ് രക്ഷപ്പെടാൻ വിഫലശ്രമവും നടത്തി. ആലുവ ഡിവൈഎസ്പി ഓഫീസിൽ ഹാജരാക്കിയ ശേഷം പ്രതിയെ വടക്കേക്കര പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
വടക്കേക്കര മുണ്ടുരുത്തി മണപ്പുറത്ത് വീട്ടിൽ ശിവദാസന്റെ മകൻ എം.എസ്. വിഷ്ണുദാസ്, സുഹൃത്തുക്കളായ മനോജ്, സജ്ഞയ്, രാഹുൽ, ശ്രീരാജ്, ജിക്സൺ എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
വിഷ്ണുദാസിനെയും സുഹൃത്തുക്കളെയും അബുദാബിയിൽ ജോലി വാഗ്ദാനം ചെയ്ത് 1.80 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. 2019 ജനുവരിയിൽ സുഹൃത്ത് നൽകിയ നമ്പർ പ്രകാരമാണ് വിഷ്ണുദാസ് പ്രതിയെ ഫോണിൽ ബന്ധപ്പട്ടത്.
ഡൽഹിയിൽ ഗസൈക്ക എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന്റെ ഉടമയെന്ന് അവകാശപ്പെടുന്ന പ്രതിയെ ആലുവ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് നേരിൽ കാണുന്നത്. 1.70 ലക്ഷം രൂപ നൽകിയാൽ അബുദാബിയിലെ ഓയിൽ കമ്പനിയിൽ ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം.
30,000 രൂപ അഡ്വാൻസും ബാക്കി വിസ ലഭിക്കുമ്പോൾ നൽകണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് വിഷ്ണുവും സുഹൃത്തുക്കളും ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചു.
വിസ വൈകിയപ്പോൾ അർമേനിയയിലേക്ക് കൊണ്ടുപോകാമെന്നു പറഞ്ഞ്. ഡൽഹിയിൽ ഹോട്ടലിൽ മുറിയെടുത്ത് നൽകിയ ശേഷം പ്രതി മുങ്ങി. പ്രതി ഫോൺ സ്വിച്ച് ഓഫ് ആക്കുകയും ചെയ്തു.
ഇതേത്തുടർന്ന് 2019 മേയിൽ ആലുവ ഡിവൈഎസ്പിക്ക് പരാതി നൽകിയെങ്കിലും അന്വേഷണമുണ്ടായില്ല. 2020 ജനുവരി 21ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിനെത്തുടർന്ന് വടക്കേക്കര പോലീസിനോട് അന്വേഷിക്കാൻ നിർദേശിക്കുകയായിരുന്നു.