പത്തനംതിട്ട: നഴ്സിംഗ് കഴിഞ്ഞ യുവതിയെ യുകെയില് ഫൈന് ദിനിഗിംഗ് എന്ന സ്ഥാപനത്തില് സൂപ്പര്വൈസര് ആയി ജോലി നല്കാമെന്നു പറഞ്ഞു പണം തട്ടിയ കേസില് ഒരാളെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പായിപ്പാട് പള്ളിക്കച്ചിറ മുക്കാഞ്ഞിരം തുമ്പോളില് വീട്ടില് തോമസ് ജോണാണ് (52) അറസ്റ്റിലായത്.
ഓഫര് ലെറ്റര് കാണിച്ചു 2022 സെപ്റ്റംബര് 28ന് തോമസ് ജോണ് പരാതിക്കാരിയുടെ കൈയില് നിന്നും 3,50,000 കൈപ്പറ്റിയശേഷം വീസ തരപ്പെടുത്തി കൊടുക്കുകയോ വാങ്ങിയ തുക തിരികെ കൊടുക്കുകയോ ചെയ്തിരുന്നില്ല. സംഭവത്തിനുശേഷം മുങ്ങിയ ഇയാളെ അഞ്ചല് പോലീസ് സമാന കേസില് അറസ്റ്റ് ചെയ്തു തിരുവനന്തപുരം സ്പെഷല് ജയിലില് ജുഡീഷല് കസ്റ്റഡിയില് പാര്പ്പിച്ചുവരികയായിരുന്നു.
ഇയാളെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി റിമാന്ഡ് ചെയ്യുകയുമായിരുന്നു.കേസില് വിശദമായ അന്വേഷണം തുടരുകയാണ്. ഇയാള്ക്കെതിരേ തിരുവല്ല, പോത്താനിക്കാട്, അഞ്ചല് പോലീസ് സ്റ്റേഷനുകളില് ഇത്തരത്തില് തട്ടിപ്പ് നടത്തിയതിന് കേസുകള് നിലവിലുണ്ടെന്ന് അന്വേഷണത്തില് ബോധ്യപ്പെട്ടു.
കോയിപ്രം പോലീസ് ഇന്സ്പെക്ടര് ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില് എസ്ഐ ഷൈജു, എസ് സി പി ഓ ജോബിന് ജോണ്, സിപിഒ ശരത് കുമാര് എന്നിവരാണുള്ളത്.