വിഎസ് ശിവകുമാറിന്റെ അടുത്ത ബന്ധുവിന്റെ മകള്‍…എന്നാല്‍ ഭരണം ഇടതുപക്ഷത്തിനായതോടെ മലക്കം മറിഞ്ഞു ! തട്ടിപ്പിനുള്ള കളമൊരുക്കാനായി കൈപുണ്യം രൂപീകരിച്ചു; ഇന്ദുജ വി നായര്‍ ചെറിയ പുള്ളിയല്ല

ആധാര്‍ രജിസ്‌ട്രേഷന്‍ ഓഫീസില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന ആരോപണം നേരിടുന്ന ഇന്ദുജ വി നായര്‍ ചെറിയ പുള്ളിയല്ല. ശാസ്തമംഗലത്തു താമസിക്കുന്ന ഇവര്‍ 25ലധികം ആളുകളെ തട്ടിപ്പിനിരയാക്കിയെന്നാണ് പരാതിയുള്ളത്. ഓരോത്തരില്‍ നിന്നും രണ്ടു മുതല്‍ അഞ്ചു ലക്ഷം രൂപ വരെയാണ് വാങ്ങിയെന്നാണ് പരാതി.

മുന്‍ മന്ത്രി വിഎസ് ശിവകുമാറിന്റൈ പേഴ്‌സണല്‍ സ്റ്റാഫ് അംഗവും അടുത്ത ബന്ധുവും കൂടിയാണ് ഇന്ദുജയുടെ അച്ഛന്‍ വാസുദേവന്‍ നായര്‍. മത്രമല്ല ശിവകുമാറിനെ കെഎസ് യുവില്‍ എത്തിച്ചതും വാസുദേവന്‍നായരാണ്. അതിനാല്‍ തന്നെ അടുത്തബന്ധുവിന്റെ മകള്‍ക്കെതിരേ ആരോപണം ഉയരുന്നത് ശിവകുമാറിനെയും പ്രതിസന്ധിയിലാക്കുകയാണ്.

ശിവകുമാറിന്റെ അതിവിശ്വസ്തനാണ് അച്ഛന്‍ എന്നു പറഞ്ഞായിരുന്നു ഇന്ദുജയുടെ തട്ടിപ്പുകള്‍. ശിവകുമാര്‍ ആരോഗ്യമന്ത്രിയായിരിക്കെ സ്‌പൈസിസ് ബോര്‍ഡില്‍ ജോലി നല്‍കാമെന്ന് പറഞ്ഞും മുമ്പ് തട്ടിപ്പുകള്‍ നടത്തിയിരുന്നെന്നും ആരോപണമുണ്ട്. എന്നാല്‍ പിന്നീട് സിപിഎം അധികാരത്തിലേത്തിയതോടെ ഇന്ദുജ ഇടതുപക്ഷത്തേക്കു ചാഞ്ഞു.

സാമൂഹിക പ്രവര്‍ത്തക എന്ന ലേബല്‍ ഉണ്ടാക്കിയെടുക്കാനായാണ് കൈപുണ്യം എന്ന പദ്ധതിയൊരുക്കിയത്. വീട്ടമ്മമാര്‍ക്ക് അവര്‍ നിര്‍മിക്കുന്ന സാധനങ്ങള്‍ വില്‍ക്കാനുള്ള പ്ലാറ്റ്‌ഫോം എന്ന രീതിയിലായിരുന്നു ഈ സംരംഭം. ഇറാ ടവറില്‍ വച്ചു നടന്ന കച്ചവടങ്ങള്‍ തട്ടിപ്പ് ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.

പബ്ലിക് റിലേഷനില്‍ ബിരുദ്ധാനന്തരബിരുദം നേടിയിട്ടുള്ള ഇവര്‍ ഇറാ ഇന്ത്യ എന്ന സ്ഥാപനവും നടത്തിയിരുന്നു. ഇതിനിടയാണ് തട്ടിപ്പ് കേസ് എത്തുന്നത്. സംസ്ഥാനത്തൊട്ടാകെ ആരംഭിക്കുന്ന ആധാര്‍ സേവന കേന്ദ്രങ്ങളില്‍ ജോലി നല്‍കാമെന്നായിരുന്നു വാഗ്ദാനം.

ആദ്യ മൂന്നു മാസങ്ങളില്‍ ശമ്പളമില്ലെന്നും പിന്നീട് 30000 മുതല്‍ 50000 വരെ ശമ്പളം നല്‍കാമെന്നുമായിരുന്നു ഉറപ്പ് നല്‍കിയത്. ഓണ്‍ലൈന്‍ പരീക്ഷയും നടത്തി. പരീക്ഷ എഴുതിയവര്‍ക്ക് വ്യാജ നിയമനക്കത്തും കൈമാറി. എന്നാല്‍ തട്ടിപ്പാണെന്നു തിരിച്ചറിഞ്ഞ ഉദ്യോഗാര്‍ഥികള്‍ പൈസ തിരികെ ആവശ്യപ്പെട്ടതോടെ ഇവര്‍ ഒളിവില്‍ പോകുകയായിരുന്നു. ഉദ്യോഗാര്‍ഥികളുടെ പരാതിയിലാണ് മ്യൂസിയം പോലീസ് കേസെടുത്തത്.

പരാതിയുണ്ടെങ്കിലും മാധ്യമങ്ങള്‍ക്കു മുമ്പില്‍ തുറന്നു പറയാന്‍ ഉദ്യോഗാര്‍ഥികള്‍ ഭയക്കുകയാണ്. ഇന്ദുജ ഒളിവിലാണെന്നു പോലീസ് അറിയിച്ചപ്പോള്‍ മകളെ കാണാനില്ലെന്ന് ഇവരുടെ പിതാവ് വാസുദേവന്‍ നായര്‍ പരാതി നല്‍കിയിട്ടുണ്ട്. വാസുദേവന്‍ നായര്‍ ഇപ്പോഴും ശിവകുമാറിന്റെ പേഴ്‌സണല്‍ സറ്റാഫില്‍ അംഗമാണ്.

Related posts