കന്നംകുളം: റോയൽ ആശുപത്രിയിൽ വിവിധ ജോലികളിൽ സഹായത്തിനായി നില്ക്കുന്ന ചൈതന്യ സ്പെഷ്യൽ സ്കൂളിലെ കുട്ടികളെ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിദിയൻ കാത്തോലിക്കാ ബാവ സന്ദർശിച്ചു. ചൈതന്യ സ്പെഷൽ സ്കൂളിലെ അരുണ്‍ റ്റി.
മുരളീധരൻ, സി.ഒ സിൻറ്റോ, കെ.എസ് പ്രിയ, വി.ബി. മനു, എൻ.എസ് ഐശ്വര്യ, കെ.എം മൻസൂർ, വി.ആർ രൻജിത്ത് എന്നീ ഏഴ് ഭിന്നശേഷിക്കാരായ കുട്ടികളാണ് കുന്നംകുളം റോയൽ ആശുപത്രിയിൽ വിവിധ ജോലികളിൽ സഹായികളായിട്ടുള്ളത്.
പത്തിനഞ്ച് ദിവസത്തെ പരിശീലനമാണ് ഇവർക്ക് ആശുപത്രിയിൽ ഒരുക്കിയിരിക്കുന്നത്. വിജയകരമായി പൂർത്തിയാക്കുന്നതോടൊപ്പം ഇവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് ഇവർക്ക് ചെയ്യാൻ കഴിയുന്ന ജോലികൾ കുന്നംകുളത്തെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ ലഭിക്കുമെന്ന പ്രതീക്ഷയിലുമാണ് ഇവരുടെ കുടുംബാംഗങ്ങൾ.
18 വയസ് പൂർത്തിയാക്കിയ ഭിന്നശേഷിക്കാരായവരെ വിവിധ തലങ്ങളിൽ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ഇത്തരമൊരു ആശയം ചൈതന്യ സ്പെഷൽ സ്കൂൾ അധികൃതർ മുന്നോട്ടുവച്ചപ്പോൾ റോയൽ ആശുപത്രി ഇതിന് പൂർണ്ണ പിന്തുണ നല്‍കുകയായിരുന്നു.
മറ്റു ജോലിക്കാരെ പോലെ രാവിലെ ഒന്‍പതു മുതൽ വൈകീട്ട് അഞ്ചുവരെയാണ് ഇവർ ജോലി ചെയ്യുന്നത്. ഇവരുടെ തെറ്റുകൾ തിരുത്താനും ഇവർക്ക് പിന്തുണയുമായി അവധി ആഘോഷങ്ങൾ മാറ്റിവച്ച് ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിലെ റെഡ്ക്രോസ് വളണ്ടിയർമാരായ വി.എസ്. അരുണ്‍, ഷാരോണ്‍ കെ. ലൂയിസ്, വി.വി ആദിത്യൻ എന്നിവരും രംഗത്തുണ്ട്.
ലിഫ്റ്റ് ഓപ്പറേറ്റർ, സ്റ്റോർ കീപ്പർ, കോഫി ഷോപ്പ് ഹെൽപ്പർ, അറ്റൻഡേസ് എന്നീ ജോലികളിലാണ് ഇവർ ആശുപത്രിയിൽ ചെയ്തിരുന്നത്. ഇവിടെ ജോലി ചെയ്തിരുന്ന എല്ലാ കുട്ടികൾക്കും ബാവ മധുരവും വിതരണം ചെയ്തു. ഓരോരുത്തരെയും പ്രത്യേകം വിളിച്ച് അഭിനന്ദിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു.
ചൈതന്യ സ്പെഷൽ സ്കൂൾ അധികൃതരായ ലെബീബ് ഹസൻ, അജിത് ചീരൻ, ഡോ തോമസ് മാത്യു, ആശുപത്രി സെക്രട്ടറി മോളി തോമസ് മാത്യു തുടങ്ങിയവരും കാത്തോലിക്കാ ബാവയുടെ കൂടെയുണ്ടായിരുന്നു.