തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്ക് പടിഞ്ഞാറൻ ഓസ്ട്രേലിയ നിരവധി അവസരങ്ങളാണ് തുറക്കുന്നതെന്നു പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ ആരോഗ്യമന്ത്രി ആംബർ ജേഡ് സാൻഡേഴ്സണ്. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുമായുള്ള മുഖാമുഖത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അവർ.
അടുത്ത 10 വർഷത്തിനിടെ പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ 5000 ഡോക്ടർമാരെയും നഴ്സുമാരെയും ആവശ്യമായി വരുമെന്നാണ് കണക്കാക്കുന്നത്. മിഡ്വൈഫറി, ദന്തരോഗചികിത്സ, നഴ്സിംഗ്, മെഡിക്കൽ അനുബന്ധ പഠനങ്ങൾ എന്നിവയിൽ നൈപുണ്യം നേടിയവർക്കാകും സർക്കാർ, സ്വകാര്യ മേഖലയിൽ അവസരങ്ങൾ ലഭിക്കുക.
പടിഞ്ഞാറൻ ഓസ്ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധം വളരെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് അവർ പറഞ്ഞു. ഓസ്ട്രേലിയയിൽ ഏഴു ലക്ഷത്തിലേറെ ഇന്ത്യൻ വംശജർ ഉണ്ട് എന്നതിനാൽ സഹകരണത്തിനും വളർച്ചയ്ക്കുമുള്ള സാധ്യത വളരെ വലുതാണ്. മാനവവിഭവശേഷിയുടെ കൈമാറ്റം, വ്യാപാരം, നിക്ഷേപം എന്നീ മേഖലയിൽ ഭാവിയിൽ മെച്ചപ്പെട്ട സഹകരണത്തിനു സാഹചര്യമുണ്ട്.
സംസ്ഥാന സർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കണ്സൾട്ടന്റ്സിന്റെ(ഒഡെപെക്) സഹകരണത്തോടെ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഹെൽത്ത് സ്കില്ലിംഗ് സിന്പോസിയത്തിലും ആംബർ ജേഡ് സാൻഡേഴ്സന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പങ്കെടുത്തു.
ആതുരസേവനരംഗത്ത് ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സാൻഡേഴ്സണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തുന്നത്. തിരുവനന്തപുരത്ത് മന്ത്രിമാരായ വി. ശിവൻകുട്ടി, വീണാ ജോർജ്, ഒഡേപെക് ചെയർമാൻ കെ.പി. അനിൽകുമാർ, എംഡി കെ.എ. അനൂപ് തുടങ്ങിയവരുമായി മന്ത്രി സാൻഡേഴ്സണ് സംവദിച്ചു.