ശ്രീകണ്ഠപുരം: ഇസ്രയേലിലേക്ക് തൊഴിൽ വിസ വാഗ്ദാനം ചെയ്ത് പയ്യാവൂർ സ്വദേശികളിൽ നിന്ന് എഴ് ലക്ഷം രൂപ തട്ടിയ ട്രാവൽസ് ഉടമ അറസ്റ്റിൽ.
പത്തനംതിട്ട അടൂരിലെ നാച്ച്വറൽ പാരഡൈസ് ട്രാവൽസ് ഉടമ അടൂരിലെ സൈമൺ അലക്സാണ്ടറി (37) നെയാണ് പയ്യാവൂർ എസ്ഐ എം.ജെ. ബെന്നി അറസ്റ്റ് ചെയ്തത്.
വീസ തട്ടിപ്പ് കേസിൽ രണ്ടാഴ്ച മുമ്പ് തൃശൂർ വരുന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്ത് ഇരിങ്ങാലക്കുട സബ് ജയിലിൽ റിമാൻഡിലായ ഇയാളെ പയ്യാവൂർ പോലീസ് ഇവിടെ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പയ്യാവൂർ ആടാംപാറ സ്വദേശി ബെന്നി വർഗീസ്, ചന്ദനക്കാംപാറ സ്വദേശി ഷാജു തോമസ് എന്നിവരിൽ നിന്നാണ് സൈമൺ അലക്സാണ്ടർ പണം തട്ടിയത്. ഇരുവർക്കും മൂന്നര ലക്ഷം രൂപ വീതമാണ് നഷ്ടമായത്
. 2022 മാർച്ച് മുതൽ മൂന്ന് തവണകളിലായാണ് ഇരുവും പണം നൽകിയത്. എന്നാൽ പിന്നീട് വീസയോ പണമോ നൽകാതെ വഞ്ചിച്ചതായാണ് കേസ്.
കണ്ണൂർ ജില്ലയിൽ കുടിയാൻമലയിൽ മൂന്ന് വിസ തട്ടിപ്പ് കേസിൽ പ്രതിയാണ് സൈമൺ അലക്സാണ്ടർ. കൂടാതെ അടൂർ, ഹരിപ്പാട്, വരുന്തരപ്പിള്ളി, കോതമംഗലം എന്നിവിടങ്ങളിലും വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരേ കേസുണ്ട്. വിസ തട്ടിപ്പിൽ പരാതികൾ പ്രവഹിച്ചതോടെ അടൂരിലെ ട്രാവൽസ് ഓഫീസ് അടച്ച് പൂട്ടിയിട്ടാണുള്ളത്.
കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്നും ഇതിനായി തളിപ്പറമ്പ് കോടതിയിൽ അപേക്ഷ നൽകുമെന്നും പോലീസ് പറഞ്ഞു. എസ്ഐ രാമചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ രാമചന്ദ്രൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.