ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്നു പിന്മാറാൻ ആലോചിക്കുന്നില്ലെന്നും സ്ഥാനാർഥിയാകാൻ ഏറ്റവും യോഗ്യൻ താനെന്നും പ്രഖ്യാപിച്ച് ജോ ബൈഡൻ.
തെരഞ്ഞെടുപ്പിൽ മുന്നോട്ടുതന്നെ പോകും. ട്രംപിനെ ഒരിക്കൽ തോൽപ്പിച്ചു, വീണ്ടും പരാജയപ്പെടുത്തുമെന്നും ബൈഡൻ നാറ്റോ സമ്മേളനത്തിനിടെയുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വീണ്ടും മത്സരിക്കുന്നതില്‍നിന്നു പിന്മാറണമെന്ന ആവശ്യം ശക്തി പ്രാപിക്കുന്നതിനിടെയാണ് ബൈഡൻ നിലപാട് വ്യക്തമാക്കിയത്. തന്റെ ഭരണകാലയളവിൽ സാമ്പത്തികമേഖല വൻ പുരോഗതി കൈവരിച്ചു. തുടങ്ങിവച്ച പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാണ് വീണ്ടും മത്സരിക്കുന്നത്.
കമല ഹാരിസ് മികച്ച പ്രസിഡന്റ് ആകാൻ കഴിവുള്ള നേതാവാണെന്നും ബൈഡൻ പറഞ്ഞു. അതിനിടെ, നാറ്റോ സമ്മേളനത്തിനിടെ ജോ ബൈഡന് നാക്കുപിഴ സംഭവിച്ചത് വന്‍ ചര്‍ച്ചയായി. യുക്രെയിൻ പ്രസിഡന്റ് സെലെൻസ്കിയെ, പ്രസിഡന്റ് പുടിൻ എന്നാണ് ബൈഡൻ അഭിസംബോധന ചെയ്തത്. ഉടൻതന്നെ തിരുത്തുകയുംചെയ്തു.
അതേസമയം, ഡോണൾഡ് ട്രംപ് അമേരിക്കയെ നയിക്കാൻ അയോഗ്യനെന്നു വിമർശിച്ച് ന്യൂ യോർക്ക് ടൈംസ് മുഖപ്രസംഗം എഴുതി. ട്രംപിന്റെ സ്വഭാവവും പ്രവൃത്തികളും അമേരിക്കൻ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ഭീഷണിയാണെന്നാണു മുഖപ്രസംഗത്തിൽ പറയുന്നത്. സ്വന്തം സങ്കുചിത താല്പര്യങ്ങൾ മാത്രമാണ് ട്രംപിന് മുഖ്യമെന്നും ടൈംസ് വിമര്‍ശിച്ചു. ട്രംപിന്റെ രണ്ടാമൂഴം തിരസ്കരിക്കാൻ വോട്ടർമാരോട് ആഹ്വാനവും ചെയ്തു.