ചേർത്തല: അപകടകരമായി സഞ്ചരിച്ച ജീപ്പ് തടയാൻ ശ്രമിച്ച ട്രാഫിക് എസ്ഐയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയെ പോലീസ് മർദിച്ചെന്ന് പരാതി.
മെഡിക്കൽ കോളജ് ആശുപത്രിയിൽ മിലിട്ടറി ഉദ്യോഗസ്ഥനായ കൊട്ടാരക്കര പത്തനാപുരം വെളകുടി പഞ്ചായത്തിൽ ആവണീശ്വരം സാബുരാജാ വിലാസത്തിൽ ജോബിനാണ് (29) ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ഇന്നലെ എക്സറെ, സ്കാനിങ്ങ്, അൾട്രസൗണ്ട് സ്കാനിങ്ങ് എന്നിവയ്ക്കു വിധേയമാക്കി. സ്കാനിങ്ങിൽ ജോബിന്റെ നട്ടെല്ലിനു ചതവ് ഉള്ളതായി ഡോക്ടർ പോലീസിനെ അറിയിച്ചു.
ഇയാൾ റിമാൻഡിൽ പോലീസ് സുരക്ഷയിലാണ് ചികിത്സയിൽ കഴിയുന്നത്.ജോബിൻ അടക്കം മൂന്നു പ്രതികളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കാൻ തുടങ്ങിയപ്പോൾ കടുത്ത ശരീരംവേദന, നടുവേദന തുടങ്ങിയവയെ തുടർന്ന് ജോബിനെ കോടതിയിൽ എത്തിക്കാനായില്ല.
രണ്ടും മൂന്നും പ്രതികളായ വെളക്കുടി കുന്നിക്കോട് ശാസ്ത്രി കവല സി.എം. വീട്ടിൽ ഷമീർ മുഹമ്മദ് (29), ആവണീശ്വരം വിപിൻ ഹൗസിൽ വിപിൻ രാജ് (26)എന്നിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.
മിലിട്ടറിയിൽ പരാതി..
ജോബിനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി മൊഴി എടുത്തപ്പോഴാണ് പോലീസ് മർദിച്ചെന്ന പരാതി പറഞ്ഞത്.
മികച്ച ചികിത്സയ്ക്കായി രാത്രിയോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. മിലിട്ടറിയ്ക്കും പരാതി നൽകിയിട്ടുണ്ടെന്നും കൂടാതെ പോലീസ് മർദിച്ചെന്ന് കാട്ടി ജോബിന്റെ സഹോദരൻ മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ തുടങ്ങിയവർക്കും പരാതി നൽകി.
ദുബായിൽ ജോലിയിലുള്ള റോബിൻ പരാതി മെയിൽ ചെയ്യുകയായിരുന്നു. സ്റ്റേഷനിലെത്തിയ ബന്ധുക്കളും പറഞ്ഞ വിവരമാണ് പരാതിയിൽ പറയുന്നത്.
വർഷങ്ങളായി പഴകിയ ജീപ്പ് ആയതിനാൽ അതിവേഗത്തിൽ ഓടിക്കാൻ പറ്റില്ലെന്നും പോലീസ് അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് തർക്കമുണ്ടാകുയും ജോബിന്റെ കൈ എസ്ഐയുടെ ദേഹത്ത് കൊണ്ടതാണെന്നും സ്റ്റേഷനിലെത്തിച്ച് മഫ്തിയിൽ ഉൾപ്പെടെയുള്ള പോലീസ് മർദിച്ചെന്നും ആദ്യം ജാമ്യം ലഭിക്കാവുന്ന വകുപ്പ് എടുക്കുകയും പിന്നീട് ജാമ്യമില്ലാ വകുപ്പ് ആക്കുകയും ചെയ്തെന്നും മെഡിക്കൽ കോളജിലും പോലീസ് ഭീഷണിപ്പെടുത്തിയെന്നും ജോബിന്റെ ബന്ധുക്കൾ ആരോപിക്കുന്നു.