ഫ്രഞ്ച് ഓപ്പണിലെ ഏറ്റവും ആവേശനം നേടിയ പോരാട്ടമായിരുന്നു നൊവാക്ക് ജോക്കോവിച്ച് – സ്റ്റെഫാനോ സിറ്റ്സിപാസ് മത്സരം.
ആദ്യ രണ്ട് സെറ്റ് നഷ്ടമായശേഷം തിരിച്ചടിച്ച് തുടർച്ചയായി മൂന്ന് സെറ്റ് നേടിയാണ് നൊവാക്ക് ജോക്കോവിച്ച് കിരീടം സ്വന്തമാക്കിയത്.
പക്ഷെ മത്സര ശേഷം സ്റ്റേഡിയത്തിൽ നൊവാക്ക് ജോക്കോവിച്ചിനേക്കാൾ ശ്രദ്ധനേടിയത് ഒരു കുഞ്ഞു ബാലനാണ്. ജോക്കോവിച്ച് തന്റെ പ്രിയപ്പെട്ട റാക്കറ്റ്സമ്മാനിച്ച ബാലൻ.
മത്സരശേഷം സിറ്റ്സിപാസിന് കൈകൊടുത്തശേഷം ജോക്കോ നേരെ പോയത് ഗ്യാലറിയിലെ ഈ കുട്ടിയുടെ അടുത്തേക്കായിരുന്നു.
തന്റെ പ്രിയപ്പെട്ട റാക്കറ്റ് ഒരു കുട്ടിക്ക് സമ്മാനിച്ചശേഷമാണ് ജോക്കോവിച്ച് സ്വന്തം ഇരിപ്പിടത്തിലേക്ക് മടങ്ങിയത്. അപ്രതീക്ഷിതമായി ലഭിച്ച ആ സമ്മാനം കണ്ട് ആ കുഞ്ഞുബാലൻ സന്തോഷത്താൽ തുള്ളിച്ചാടുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാണ്.
ആ റാക്കറ്റ് സമ്മാനിക്കാനുള്ള കാരണം പിന്നീട് വാർത്താസമ്മേളനത്തിൽ ജോക്കോ വിശദീകരിച്ചു.
ആ കുട്ടി ആരാണെന്ന് എനിക്ക് അറിയില്ല. ഗ്യാലറിയിലിരുന്ന് അവന്റെ പരിശീലനവും ഉപദേശവും പ്രചോദനവുമാണ് എന്നെ കിരീടത്തിലേക്ക് നയിച്ചത്. മത്സരം മുഴുവൻ ഗ്യാലറിയിൽ എന്റെ സമീപത്തായിരുന്നു അവൻ ഇരുന്നത്.
ആദ്യ രണ്ട് സെറ്റ് നഷ്ടമായതിന് പിന്നാലെ അവൻ എന്നെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. ഇടക്കിടെ ഉപദേശിച്ചു. ആദ്യ സെർവ് ശരിയായി ചെയ്യാനും പിന്നീട് ബാക് ഹാൻഡിലൂടെ പോയിന്റ് നേടാനും അവൻ എന്നെ ഉപദേശിച്ചു.
അവൻ അക്ഷരാർത്ഥത്തിൽ എന്നെ പരിശീലിപ്പിക്കുകയായിരുന്നു. അതെനിക്ക് വളരെ രസകരമായി തോന്നി. അതുകൊണ്ടാണ് മത്സരശേഷം എന്റെ റാക്കറ്റ് നൽകിയത്. അത് അർഹിക്കുന്നത് അവനാണെന്ന് തോന്നി.
മത്സരത്തിലുടനീളം പിന്തുണച്ചതിനും പ്രോത്സാഹിപ്പിച്ചതിനുമുള്ള സ്നേഹോപഹാരമായിരുന്നു അത്-ജോക്കോവിച്ച് പറഞ്ഞു. മത്സരശേഷം ആരാധകനായ മറ്റൊരു കുട്ടിയോട് സംസാരിക്കുന്ന ജോക്കോവിച്ചിന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.