കൊച്ചി: വിദേശ ജോലി വാദ്ഗാനം ചെയ്ത് മുന്നൂറിലധികം യുവാക്കളില്‍നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസില്‍ തൊടുപുഴ കോലാനി സ്വദേശി കണ്ണന് എന്ന വിളിപ്പേരുള്ള ജെയ്സണെ(40) തിരേ പാലാരിവട്ടം പോലീസ് ഒരു കേസു കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ ഇയാള്‍ക്കെതിരെയുള്ള കേസുകളുടെ എണ്ണം ഏഴായി. കേസില്‍ കൂടുതല്‍ പേര് തട്ടിപ്പിന് ഇരയായതായാണ് പോലീസ് നിഗമനം. ഒളിവില്‍ കഴിയുന്ന ഇയാളുടെ ഭാര്യ ജെന്‍സി ദേവസിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
2018ല്‍ പ്രതിയും ഭാര്യ ജെന്‍സി ദേവസിയും ചേര്‍ന്ന് തൊടുപുഴയിലും പിന്നീട് 2021ല്‍ പാലാരിവട്ടം തമ്മനം ഭാഗത്ത് ആരംഭിച്ച കണ്ണന് ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ എന്ന സ്ഥാപനം മുഖേനയായിരുന്നു തട്ടിപ്പ്. സ്ഥാപനത്തിന്റെ പരസ്യം സമൂഹമാധ്യമങ്ങളിലടക്കം നല്കി കാനഡ, ഓസ്ട്രേലിയ, അര്‍മേനിയ, ചെക്ക് റിപ്പബ്ലിക്, പോളണ്ട്, ലിത്വാനിയ, മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ജോലിയും വിസയും വാഗ്ദാനം ചെയ്ത് നാല് ലക്ഷം മുതല്‍ എട്ട് ലക്ഷം രൂപ വരെ ചെലവു വരുമെന്ന് കാണിച്ച് കരാറെഴുതി.
അതിനു ശേഷം പ്രതികള്‍ അഡ്വാന്‍സ് തുകയായി ഒരു ലക്ഷം മുതല്‍ മൂന്ന് ലക്ഷം രൂപ വരെ വാങ്ങിയെടുത്ത് വ്യാജമായി ഉണ്ടാക്കിയെടുത്ത വിവിധ ഭാഷകളിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിസയാണെന്ന് കാണിച്ച് ഉദ്യോഗാര്‍ഥികളുടെ ഇമെയിലിലേക്ക് അയച്ച് വിശ്വസിപ്പിച്ച ശേഷം ബാക്കി തുക വാങ്ങി വിസ ക്യാന്‍സലായി എന്നും മറ്റും പറഞ്ഞ് പണം തട്ടിയെടുക്കുകയായിരുന്നു. അടുത്തിടെ പാലാരിവട്ടം പോലീസ് മറ്റൊരു സമാന കേസിന്റെ അന്വേഷണത്തിനിടയില്‍ ദില്ലിയില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ചില സാങ്കേതിക ആനുകൂല്യങ്ങളുടെ പേരില്‍ ജാമ്യം ലഭിക്കുകയായിരുന്നു.
അതിനുശേഷം ഒളിവില്‍പ്പോയ പ്രതി ഡല്‍ഹിയിലും പിന്നീട് വ്യാജ വിലാസത്തില്‍ എടുത്ത മറ്റൊരു പാസ്പോര്‍ട്ടുമായി വിദേശത്തും ഒളിവില്‍ കഴിയുകയായിരുന്നു. ഇയാള്‍ നാട്ടിലെത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ച പാലാരിവട്ടം പോലീസ് ഇയാളെ തൊടുപുഴയില്‍ നിന്നും പിടികൂടുകയായിരുന്നു.
വേള്‍ഡ് ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷന് അംഗം ആണെന്ന് നാട്ടുകാരെ വിശ്വസിപ്പിച്ച് തൊടുപുഴയില്‍ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി.