കോട്ടയം: വിദ്യാര്‍ഥി-യുവജന സമരങ്ങളിലെ മുന്‍നിരപോരാളിയും കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ധീരനുമായിരുന്ന ഡിസിസി ജനറല്‍ സെക്രട്ടറി ജോബോയ് ജോര്‍ജ് (47) അന്തരിച്ചു. യൂത്ത് കോണ്‍ഗ്രസ് കോട്ടയം മുന്‍ ജില്ലാ പ്രസിഡന്റുമായിരുന്നു. ഇന്നലെ രാത്രി 8.30ന് കോട്ടയം മാര്‍ക്കറ്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്നവര്‍ ഉടന്‍തന്നെ ജില്ലാ ജനറല്‍ ആശൂപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ഹൃദയാഘാതമാണു മരണകാരണമെന്നാണു പ്രാഥമിക നിഗമനം.
കോട്ടയത്തെ കെഎസ്യു, യൂത്ത് കോണ്ഗ്രസുകാര്ക്കിടയില് ഹീറോ ആയാണ് ജോബോയി അറിയപ്പെട്ടിരുന്നത്. മണര്‍കാട് സെന്റ് മേരീസ് കോളജില്‍ കെഎസ്യു പ്രവര്‍ത്തകനായിട്ടാണ് ജോബോയി വിദ്യാര്‍ഥി രാഷ്ട്രീയത്തിലെത്തുന്നത്.
ബസേലിയോസ് കോളജ് ചെയര്‍മാനായിരുന്നു. പ്രതികൂല സാഹചര്യത്തിലും കെഎസ്യുവിനെയും യൂത്ത് കോണ്‍ഗ്രസിനെയും മികച്ച സംഘാടനത്തിലൂടെയും പ്രവര്‍ത്തനത്തിലൂടെയും കരുത്തുറ്റ വിദ്യാര്‍ഥി-യുവജന സംഘടനകളാക്കി മാറ്റി.
എതിരാളികളുടെ അക്രമണത്തിനു പല തവണ വിധേയമായിട്ടുണ്ട്. സമര മുഖങ്ങളില്‍ പോലീസിന്റെ ക്രൂരമര്ദത്തിനും ഇരയായിട്ടുണ്ട്. സോളാര്‍ സമരം കത്തിനിന്നപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് സംരക്ഷണ കവചം തീര്‍ക്കാന്‍ മുന്‍നിരയില്‍ ജോബോയി ഉണ്ടായിരുന്നു.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.സി. ജോസഫ്, ഡീന്‍ കൂര്യാക്കോസ്, പി.സി.വിഷ്ണുനാഥ് എന്നിവരുടെ സന്തത സഹചാരിയായിരുന്നു. കുറവിലങ്ങാട് പാലയ്ക്കലോടി പി.വി. ജോര്‍ജ് ആണ് പിതാവ്. മാതാവ്: കുട്ടിയമ്മ. ഭാര്യ: കവിത. മക്കള്‍: ലെന, സ്വാന, ജുവാന്‍ (ലൂര്‍ദ്ദ് സ്കൂള്‍ കോട്ടയം). സഹോദരി: ജോയിസ്. സംസ്കാരം പിന്നീട്.