ഇലഞ്ഞി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും മൂന്നു ലക്ഷം തട്ടിയെടുത്ത കണ്ണൂർ സ്വദേശി റിമാൻഡിൽ. മുത്തോലപുരം വാഴയിൽ പി. രഞ്ജിനി കൂത്താട്ടുകുളം പോലീസിൽ നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂർ അറക്കൽ ബിജോയ് ജോർജി (42) നെ കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്.
അയർലൻഡിലെ കെയർ ഹോമിൽ കെയർ ഗിവർ വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയിൽ നിന്നും രണ്ടുതവണയായി പ്രതി മൂന്നു ലക്ഷം തട്ടിയെടുക്കുകയായിരുന്നു. പരാതിക്കാരിയുടെ ഇലഞ്ഞി ബ്രാഞ്ചിലെ ബാങ്ക് അക്കൗണ്ടിൽ നിന്നും പ്രതിയുടെ ബംഗളൂരു ചിക്ജാലയിലുള്ള എസ്ബിഐ ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക് മൂന്നു ലക്ഷം കൈമാറിയതായി പോലീസ് കണ്ടെത്തി.
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി സമാനരീതിയിലുള്ള നിരവധി കേസുകൾ ഇയാളുടെ പേരിലുള്ളതായും പോലീസ് പറഞ്ഞു. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നിർദേശപ്രകാരം ഇൻസ്പെക്ടർ വിൻസണ്‍ ജോസഫിന്റെ മേൽനോട്ടത്തിൽ എസ്ഐമാരായ കെ.പി. സജീവ്, പി.വി. ശാന്തകുമാർ, ഷിബു വർഗീസ്, എസ്സിപിഒ ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.