നന്നായി പഠിക്കുന്ന നല്ല വ്യക്തിത്വവും ഭക്തിയുമുള്ള കുട്ടി! തെറ്റ് ചെയ്യാതെ ക്രൂശിക്കപ്പെട്ടു; പ്രിന്റോയ്ക്ക് ജോലി കൊടുക്കാമെന്ന് പറഞ്ഞതിന്റെ കാരണം വ്യക്തമാക്കി കസബയുടെ നിര്‍മാതാവ്

കസബയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെച്ചൊല്ലിയുള്ള വിവാദം ഇപ്പോഴും അവസാനിച്ചിട്ടില്ല. മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ചതിന് തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുവെന്നാരോപിച്ച് നടി പാര്‍വതി നല്‍കിയ പാരാതിയില്‍ പ്രിന്റോ എന്ന യുവാവ് അറസ്റ്റിലായതും പിന്നീട് ജാമ്യത്തിലിറങ്ങിയതും വാര്‍ത്തയായിരുന്നു.

എന്നാല്‍ ജാമ്യത്തിലിറങ്ങിയ പ്രതിക്ക് ജോലി വാഗ്ദാനം ചെയ്തു കൊണ്ടുള്ള കസബ സിനിമയുടെ നിര്‍മാതാവ് ജോബി ജോര്‍ജ്ജിന്റെ ഫേസ്ബുക്ക് കമന്റാണ് സമൂഹമാധ്യമങ്ങളില്‍ പിന്നീട് വാര്‍ത്തയായത്.

നിര്‍മാതാവിന്റെ ഫേസ്ബുക്ക് കമന്റ് എത്തിയതോടെ അദ്ദേഹത്തെ പരിഹസിച്ചും കുറ്റപ്പെടുത്തിയും നിരവധിയാളുകള്‍ രംഗത്തെത്തുകയുണ്ടായി. ഒരു നിര്‍മാതാവ് എന്ന് നിലയില്‍ സമൂഹത്തില്‍ ഉന്നതനിലവാരം പുലര്‍ത്തേണ്ടുന്ന വ്യക്തി ഇത്തരം കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് വളരെ മോശമാണെന്ന് പലയിടത്തുനിന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റിലായ യുവാവിന് താന്‍ ജോലി വാഗ്ദാനം ചെയ്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി നിര്‍മാതാവ് ജോബി രംഗത്തെത്തിയിരിക്കുന്നത്. ഒരു ഓണ്‍ലൈന്‍ സൈറ്റിനോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ജോബി ജോര്‍ജിന്റെ വാക്കുകള്‍ ഇങ്ങനെ…

ഒരു തെറ്റും ചെയ്യാത്ത ഒരാളെ ഇങ്ങനെ ക്രൂശിക്കരുത്. നല്ല വ്യക്തിത്വവും ദൈവ ഭക്തിയുമുള്ള യുവാവാണ് പ്രിന്റോ എന്നാണ് അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്. നന്നായി പഠിക്കുന്ന മിടുമിടുക്കനായ കുട്ടിയാണെന്നാണ് സുഹൃത്തും നാട്ടുകാരും പറയുന്നത്. ഒരു അബദ്ധം പറ്റിയാല്‍ അവനെയിട്ടിട്ട് ഓടുന്ന സ്വഭാവമാണ് മലയാളികളുടേത്.

മറ്റുള്ളവരെ സഹായിക്കുമ്പോഴാണ് നിനക്ക് ദൈവികത വരുന്നതെന്നാണ് ദൈവം പറഞ്ഞിരിക്കുന്നത്. തെറ്റ് ചെയ്യാതെ ഒരു ദിവസം ജയിലില്‍ കഴിയുക എന്നത് ഭീകരമായ അവസ്ഥയാണ്. ഒരു തെറ്റും ചെയ്യാതെ ക്രൂശിക്കപ്പെട്ട ഒരാളോടുള്ള സഹതാപമാണ് ജോലി കൊടുക്കാം എന്ന് പറഞ്ഞത്. അദ്ദേഹം എന്റെ വീട്ടിലേക്കോ ഓഫീസിലേക്കോ വരുകയാണെങ്കില്‍ എന്റെ മരണം വരെ പ്രിന്റോക്ക് ജോലി കൊടുക്കുമെന്നും ജോബി പറഞ്ഞു.

 

 

Related posts