തട്ടിപ്പുകള്‍ നടത്തുന്നതിലും അതിന് ഇരകളാകുന്നതിലും മലയാളികളെ വെല്ലാന്‍ ആരുമില്ല. ഇപ്പോഴിതാ സിനിമാ പിന്നണി ഗായകന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സാമ്പത്തിക തട്ടിപ്പ്. റിയാലിറ്റി ഷോകളിലൂടെ പ്രശസ്തനായ പിന്നണി ഗായകന്‍ ജോബി ജോണിന്റെ പേരിലാണ് തട്ടിപ്പ്. മൂന്നു ലക്ഷം രൂപയിലേറെ തട്ടിയെടുത്തെന്ന വിവരത്തെ തുടര്‍ന്ന് ഗായകന്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. ആദ്യം റിയാലിറ്റി ഷോകളിലൂടെയും പിന്നീട് ചലച്ചിത്ര പിന്നണി ഗായകന്‍ എന്ന നിലയിലും സംഗീത പ്രേമികള്‍ക്കിടയില്‍ പ്രശസ്തനാണ് കോഴിക്കോട്ടുകാരന്‍ ജോബി ജോണ്‍.
എന്നാല്‍ തന്റെ പേരും ചിത്രവും ഉപയോഗിച്ച് മറ്റാരോ തുറന്നിരിക്കുന്ന ഫേസ്ബുക്ക് പേജാണ് ഇപ്പോള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. യഥാര്‍ഥ ജോബിയെന്ന തെറ്റിദ്ധാരണയില്‍ ഫേസ്ബുക്ക് പേജില്‍ പരിചയം സ്ഥാപിക്കുന്നവരില്‍ നിന്ന് പണം തട്ടിയെടുക്കുകയാണ് വ്യാജന്‍. തന്റെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കമുളളവര്‍ തട്ടിപ്പിനിരയായെന്ന് ജോബി പറയുന്നു. തന്റെ സ്ഥലം കോഴിക്കോടാണെങ്കിലും വ്യാജ അക്കൗണ്ടില്‍ സ്ഥലം കാണിച്ചിരിക്കുന്ന സ്ഥലം കൊല്ലമാണ്. ഫേസ്ബുക്കിലൂടെയും വാട്ട്‌സ്ആപ്പിലൂടെയും പരിചയക്കാര്‍ക്ക് പലതവണ ജോബി മുന്നറിയിപ്പ് നല്‍കിയിട്ടും തട്ടിപ്പുകാരന്‍ പിന്മാറാന്‍ തയാറായില്ല. പിന്നീടാണ് പോലീസില്‍ പരാതി നല്‍കാന്‍ ജോബി തീരുമാനിച്ചത്.