ന്യൂഡൽഹി: ഖത്തര്‍ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽനിന്ന് മലയാളി താരം ജോബി ജസ്റ്റിൻ പുറത്ത്. എന്നാൽ മലയാളി താരങ്ങളായ അനസ് എടത്തൊടിക, സഹൽ അബ്ദുൾ സമദ്, ആഷിഖ് കുരുണിയൻ എന്നിവർ ടീമിൽ ഇടംപിടിച്ചു. ഗോവയിൽ നടന്ന ദേശീയ ക്യാമ്പിൽനിന്നും ജോബി ഉൾപ്പെടെ ഏഴ് പേരെ ഒഴിവാക്കി പരിശീലകൻ ഇഗോർ സ്റ്റിമാച്ച് 28 അംഗ ടീമിനെ പ്രഖ്യാപിച്ചു.
ക്യാമ്പിൽ 35 പേരാണ് ഉണ്ടായിരുന്നത്. സലാം രഞ്ജൻ സിംഗ്, അൻവർ അലി, ജെറി ലാൽറിൻസുവാല, പ്രണോയി ഹാൽദർ, ഹളിചരൺ നർസാരി, ഫറൂഖ് ചൗധരി, ജോബി എന്നിവരെയാണ് ഒഴിവാക്കിയത്.ഗോൾ കീപ്പർമാർ: ഗുർപ്രീത് സിംഗ് സന്ധു, അമരീന്ദർ സിംഗ്, കമൽജിത് സിംഗ്, വിശാൽ കെയ്ത്.
പ്രതിരോധം: രാഹുൽ ഭെകെ, നിഷു കുമാർ, പ്രീതം കോട്ടാൽ, അനസ്, സന്ദേശ് ജിംഗാൻ, നരേന്ദർ ഗലോട്ട്, സർതാക് ഗലൂയി, ആദിൽ ഖാൻ, സുഭാശിഷ് ബോസ്, മന്ദർ റാവു ദേശായി.
മധ്യമിര: നിഖിൽ പൂജാരി, ഉദാന്താ സിംഗ്, അനിരുദ്ധ് ധാപ്പ, റയിനിർ ഫെർണാണ്ടസ്, വിനീത് റായ്, സഹൽ, അമർജിത് സിംഗ്, റോളിൻ ബോർഗസ്, ബ്രന്ദോൻ ഫെർണാണ്ടസ്, ലാലിയൻസുവാല ചാംഗ്തെ, ആഷിഖ്.
മുന്നേറ്റനിരക്കാർ: ബൽവന്ത് സിംഗ്, സുനിൽ ഛേത്രി, മൻവീർ സിംഗ്.
ഖത്തര്‍, ഒമാന്‍ എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഇയിലാണ് ഇന്ത്യ കളിക്കുക. അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ് എന്നിവരാണ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ട മറ്റു ടീമുകള്‍. അഞ്ച് ടീമുകള്‍ വീതമുള്ള എട്ട് ഗ്രൂപ്പുകളാണുള്ളത്. 40 ടീമുകളാണ് യോഗ്യതയ്ക്കായി മത്സരിക്കുക.
എട്ടു ഗ്രൂപ്പ് വിജയികളും നാല് മികച്ച റണ്ണേഴ്സ് അപ്പും യോഗ്യതാ റൗണ്ടിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കും. അടുത്ത ഏഷ്യന്‍ കപ്പിനായുള്ള യോഗ്യതയും ഈ ഗ്രൂപ്പിലെ മത്സരങ്ങള്‍ പരിഗണിച്ചാണ് കണക്കാക്കുക. ഖത്തര്‍ യോഗ്യതാ റൗണ്ടില്‍ പങ്കെടുക്കുന്നതും ഇതുകൊണ്ടാണ്. മത്സരങ്ങള്‍ സെപ്റ്റംബർ അഞ്ചിന് ആരംഭിക്കും.