കൊരട്ടി: വീട്ടമ്മയെ ചിരവ കൊണ്ട് തലക്ക് അടിച്ച് സ്വർണ്ണവുമായി മുങ്ങിയ പ്രതിയെ കൊരട്ടി സിഐ ബി.കെ. അരുണ്‍ അറസ്റ്റ് ചെയ്തു.
ചാലക്കുടി ഡിവൈഎസ്പിയുടെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണു പ്രതി മാന്പ്ര വേഴപ്പറന്പൻ അന്തോണിയുടെ മകൻ ജോബി (49) യെ വയനാട് മീനങ്ങാടിയിൽ നിന്നും പിടികൂടിയത്.
കൊരട്ടി കട്ടപ്പുറം മേലേടൻ പോളിയുടെ ഭാര്യ ജെസി(58)യെ ബുധനാഴ്ച ചിരവ കൊണ്ട് തലയ്ക്കടിച്ചും മുഖത്ത് ചവിട്ടിയും കഴുത്ത് ഞെരിച്ചും മൃതപ്രായയാക്കിയിട്ടാണ് മൂന്നു വളയും ഒരു മാലയും അടക്കം മൂന്നര പവനോളം സ്വർണവുമായി ഇയാൾ കടന്നുകളഞ്ഞത്. ജെസിയുടെ ഭർതൃമാതാവിന്റെ സഹോദരന്റെ മകനാണ് ജോബി.
ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്ര ണ്ടോടെ ഇയാൾ ജെസിയുടെ വീട്ടിലെത്തുകയും ഫോണിൽ സംസാരിച്ചു കൊണ്ടിരുന്ന ജെസിയുടെ പിറകിലൂടെ വന്ന് ചിരവ കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് സ്വർണം അപഹരിക്കുകയുമായിരുന്നു.
ബന്ധുവായ ഇയാൾ രണ്ടു ദിവസങ്ങളായി ജെസിയുടെ വീട്ടിലെത്തുകയും ക്ഷേമാന്വേഷണത്തിനൊപ്പം സമീപവാസികളെക്കുറിച്ചും ചോദിച്ചറിഞ്ഞിരുന്നുവത്രേ.
ഗൃഹനാഥൻ ജോലിക്ക് പോയിരിക്കുകയാണെന്ന് ഉറപ്പു വരുത്തിയതിനു ശേഷമാണ് കവർച്ച നടത്തിയത്.
ശാരീരിക അസ്വസ്ഥതകളേറെയുള്ള ജെസി പരിക്കേറ്റ് കിടക്കുന്നതിനിടെ സംഭവം മകളെ ഫോണ്‍ വിളിച്ചറിയിച്ചു.
തുടർന്ന് അയൽവാസികളെത്തി ജെസിയെ ആശുപത്രിയിൽ എത്തിച്ച് വൈദ്യസഹായം നൽകുകയായിരുന്നു.
സംഭവമറിഞ്ഞ് സിഐ ബി.കെ. അരുണ്‍, എസ്ഐമാരായ ഷാജു എടത്താടൻ, സി.എസ്. സൂരജ് എന്നിവർ സ്ഥലത്തെത്തിയിരുന്നു.
സ്വർണവുമായി മുങ്ങിയ ജോബി സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ സ്വണം പണയം വച്ച് വീട്ടിലെത്തി ഭാര്യക്ക് ഏഴായിരം രൂപ നൽകി.
കൂടാതെ സുഹൃത്തിൽ നിന്നും വാങ്ങി പണയം വച്ച സ്വർണവും തിരിച്ചേൽപ്പിച്ചു. പണയം വച്ച തുകയിൽ ഒരു ലക്ഷം രൂപ കടം വീട്ടുന്നതിനും ബാക്കി ആഡംബര ജീവിതത്തിനുമാണ് ഉപയോഗിച്ചതെന്നു പ്രതി പോലീസിനോട് പറഞ്ഞു.
പോലീസിന് പിടികൊടുക്കാതെ ഇയാളെ രക്ഷപ്പെടാൻ സഹായിച്ച കറുകുറ്റി അഡ്ലക്സിന് സമീപം കുളക്കാട്ടിൽ സാബു(36), കറുകുറ്റി തിരുതനത്തിൽ സാന്റോ ആന്റണി(40) എന്നിവരെ വാഹന സഹിതം കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കറുകുറ്റിയിലെ ബാ റിൽ മദ്യപിച്ച ശേഷമാണ് ജോബിയെ രക്ഷപ്പെടാൻ സഹായിച്ചത്. തൃശൂർ വരെ കൊണ്ടുപോയതിന് വാഹനത്തിൽ ഇന്ധനവും 500 രൂപ വീതവും ഇരുവർക്കും ജോബി നൽകി.
ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതിനാൽ സുഹൃത്തുക്കളിൽ നിന്നും അയൽവാസികളിൽ നിന്നും ബന്ധുക്കളിൽ നിന്നും പൂർണമായി വിവരങ്ങൾ ശേഖരിച്ച ശേഷമായിരുന്നു പോലീസ് പഴുതടച്ച നടപടികളിലേക്ക് നീങ്ങിയത്.
വൈദ്യ പരിശോധനയ്ക്കു ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
എസ്ഐ സി.എസ്. സൂരജ്, പ്രൊബേഷൻ എസ്ഐ ബിബിൻ, സ്പെഷൽ ബ്രാഞ്ച് എസ്ഐമാരായ വി.ജി. സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, എഎസ്ഐ ജയകൃഷ്ണൻ, മാനുവൽ, ജിബിൻ, സജീഷ്, രഞ്ജിത്ത്, ഹോം ഗാർഡ് ജോയ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.