മെൽബൺ: ഓസ്ട്രേലിയൻ ഓപ്പണിനെത്തിയ ലോക ഒന്നാം നന്പർ പുരുഷ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് വിസ നിഷേധിച്ച് ഓസ്ട്രേലിയ.
വാക്സിൻ എടുത്തില്ലെന്ന കാരണത്താലാണ് ജോക്കാവിച്ചിന് പ്രവേശനം നിഷേധിച്ചത്. ലോക ഒന്നാം നമ്പർ താരത്തിനും എല്ലാവരെയും പോലെ നിയമങ്ങൾക്ക് വിധേയമാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു.
കോവിഡ് വാക്സിനേഷനിൽനിന്ന് പ്രത്യേക ഇളവ് ഉണ്ടെന്നു വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റിൽ കൃത്യതയില്ലാത്തതിനാൽ സെർബിയൻ താരത്തെ മെൽബണ്‍ വിമാനത്താവളത്തിൽ തടഞ്ഞുവച്ചിരുന്നു.
വിസ റദ്ദാക്കിയതിനാൽ താരത്തെ ഉടനെ തന്നെ സെർബിയയിലേക്ക് മടക്കി അയക്കും. അതേസമയം, ജോക്കോവിച്ചിനോട് കാണിച്ചത് മോശം പെരുമാറ്റമെന്ന് സെർബിയ പ്രതികരിച്ചു.
ഓസ്ട്രേലിയൻ ഓപ്പണിനെത്തുന്ന കളിക്കാരും സ്റ്റാഫുകളും കോവിഡ് വാക്സിൻ നിർബന്ധമായും എടുത്തിരിക്കണമെന്ന് സർക്കാർ അറിയിച്ചിരുന്നു. എന്നാൽ ജോക്കോവിച്ച് ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടില്ല.
എന്നാൽ കോവിഡ് മാനദണ്ഡങ്ങളിൽ മുന്‍പ് ഇളവ് അനുവദിച്ചിരുന്നെങ്കിലും ഒരാൾക്ക് മാത്രമായി ഇളവ് നൽകാനാവില്ലെന്ന നിലപാടിലായിരുന്നു ഓസ്ട്രേലിയൻ സർക്കാർ.
ഓസ്ട്രേലിയയിലേക്കുള്ള പ്രവേശനം നിഷേധിച്ച ജോക്കോവിച്ച് മണിക്കൂറുകളോളം മെൽബൺ വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്നു.
വിമാനത്താവളത്തില്‍ തടഞ്ഞുവച്ചതിനെ തുടര്‍ന്ന് നേരത്തെ, ജോക്കോവിച്ചിന്റെ കോച്ച് ഗോറാൻ ഇവാനിസെവിച്ച് മെൽബൺ വിമാനത്താവളത്തിൽ നിന്നും ഒരു ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.നിലവിലെ ഓസ്ട്രേലിയൻ ഓപ്പൺ ചാന്പ്യനാണ് സെർബിയയുടെ ജോക്കോവിച്ച്.