മെൽബണ്‍: ഓസ്ട്രേലിയൻ ഓപ്പണ്‍ പുരുഷ സിംഗിൾസ് കിരീടത്തിന് ഒരേയൊരു അവകാശിയേയുള്ളൂ… ജോക്കർ (Djoker), ദ സെർബിനേറ്റർ, നോൾ എന്നെല്ലാം അറിയപ്പെടുന്ന സാക്ഷാൽ നൊവാക്ക് ജോക്കോവിച്ച്.
എതിരാളികൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഓസ്ട്രേലിയൻ ഓപ്പൺ ട്രോഫിയിൽ ഒന്‍പതാം തവണയും ജോക്കറിന്റെ ചുണ്ടമർന്നു.ഓസ്ട്രേലിയൻ ഓപ്പണ്‍ ഏറ്റവും അധികം തവണ സ്വന്തമാക്കിയതിന്റെ റിക്കാർഡ് മുപ്പത്തിമൂന്നുകാരനായ സെർബിയൻ താരം ഇതോടെ പുതുക്കി.
റഷ്യയുടെ ഇരുപത്തഞ്ചുകാരനായ ഡാനിൽ മെദ്വദേവിനെ ഏകപക്ഷീയമായി തകർത്തായിരുന്നു ജോക്കോയുടെ കിരീടധാരണം.ആദ്യ സെറ്റിൽ മാത്രമാണ് മെദ്വദേവിന് അല്പമെങ്കിലും ചെറുത്തുനിൽക്കാൻ സാധിച്ചത്.
7-5, 6-2, 6-2നായിരുന്നു ജോക്കോയുടെ ജയം. മെദ്വദേവിന്റെ കന്നി ഗ്രാൻസ്ലാം ഫൈനൽ ആയിരുന്നു. എയ്സുകളുടെ എണ്ണത്തിൽ 6-3ന് മെദ്വദേവ് മുന്നിട്ടുനിന്നെങ്കിലും നാല് ഡബിൾഫോൾട്ടുകൾ വരുത്തി.
രണ്ട് ഡബിൾഫോൾട്ടുകൾ മാത്രമേ ജോക്കോവിച്ച് വരുത്തിയുള്ളൂ. റോഡ് ലേവർ അരീനയിൽ തുടർച്ചയായ മൂന്നാം തവണയാണു ജോക്കോവിച്ച് കിരീടം സ്വന്തമാക്കുന്നത്.
മധുരപ്പതിനെട്ട്
ഓസ്ട്രേലിയൻ ഓപ്പണിൽ റിക്കാർഡായ ഒന്‍പതാം തവണയും മുത്തമിട്ടതോടെ ജോക്കോവിച്ചിന്റെ ഗ്രാൻസ്ലാം കിരീടനേട്ടം 18 ആയി. ആകെ നേടിയ 18 ഗ്രാൻസ്ലാം കിരീടങ്ങളിൽ പകുതിയും മെൽബണ്‍ പാർക്കിലെ റോഡ് ലേവർ അരീനയിലാണെന്നതും ശ്രദ്ധേയം.
കഴിഞ്ഞ 10 വർഷത്തിനിടെ എട്ട് തവണയും ജോക്കോവിച്ചാണ് ഓസ്ട്രേലിയൻ ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. ഫ്രഞ്ച് ഓപ്പണിൽ റാഫേൽ നദാൽ, വിംബിൾഡണിൽ റോജർ ഫെഡറർ, യുഎസ് ഓപ്പണിൽ റിച്ചാർഡ് സിയേഴ്സ്, വില്യം ലേണ്‍ഡ്, ബിൽ ടിൽഡെൻ എന്നിവരെപ്പോലെയാണ് ഓസ്ട്രേലിയൻ ഓപ്പണിൽ ജോക്കർ.
ഗ്രാൻസ്ലാം കിരീട നേട്ടങ്ങളുടെ കണക്കിൽ ഒന്നാം സ്ഥാനത്തുള്ള റോജർ ഫെഡറർ, റാഫേൽ നദാൽ (ഇരുവർക്കും 20) എന്നിവരുമായുള്ള അകലം രണ്ട് ആയി കുറയ്ക്കാനും ജോക്കോവിച്ചിനു സാധിച്ചു.