മെൽബണ്‍: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു എന്ന കാരണത്താൽ സെർബിയൻ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിന്റെ വീസ ഓസ്ട്രേലിയ വീണ്ടും റദ്ദാക്കി. ജോക്കോവിച്ചിനെ മോചിപ്പിക്കണമെന്ന് മെൽബണ്‍ കോടതി ഉത്തരവിട്ടതിന് ശേഷമാണ് സർക്കാർ വീണ്ടും താരത്തിനെതിരേ നടപടി സ്വീകരിച്ചത്.
പൊതുതാത്പര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് സർക്കാർ വ്യക്തമാക്കി. വീസ റദ്ദാക്കിയതോടെ മൂന്ന് വർഷത്തേക്ക് ജോക്കോവിച്ചിന് ഓസ്ട്രേലിയയിൽ പ്രവേശന വിലക്കുമുണ്ടാകും. അതേസമയം നടപടിക്കെതിരേ വീണ്ടും കോടതിയെ സമീപിക്കുമെന്ന് ജോക്കോവിച്ച് പ്രതികരിച്ചു.
കോവിഡ് വാക്സിൻ എടുക്കാതെ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന് രാജ്യത്ത് എത്തിയതിന് പിന്നാലെയാണ് ജോക്കോയെ വിമാനത്താവളത്തിൽ തടയുകയും നിർബന്ധിത ക്വാറന്റൈനിലേക്ക് മാറ്റുകയും ചെയ്തത്. പിന്നാലെ താരം കോടതിയെ സമീപിച്ചു.
താരത്തെ മോചിപ്പിക്കാൻ കോടതി ഉത്തരവിട്ടതോടെ സർക്കാർ വെട്ടിലായി. തുടർന്ന് രണ്ടു ദിവസത്തിന് ശേഷമാണ് വീണ്ടും വീസ റദ്ദാക്കിയിരിക്കുന്നത്.