കൊച്ചി: സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്ത് ശമ്പളം പറ്റിയതിന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരേ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണത്തിന് പര്യാപ്തമായ ഒരു കാര്യവും ഹര്‍ജിയില്‍ ഇല്ലെന്നും ജേക്കബ് തോമസ് വാങ്ങിയ വേതനം തിരിച്ചടച്ചതാണെന്നുമുള്ള സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.
ഹര്‍ജി ഹൈക്കോടതിയില്‍ വന്നപ്പോള്‍ മുതല്‍ ജേക്കബ് തോമസിനെ പൂര്‍ണമായും സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഹര്‍ജി പരിഗണിച്ചപ്പോള്‍ തന്നെ അന്വേഷണം നടത്താന്‍ തയാറാണെന്ന് കോടതിയെ അറിയിച്ച സിബിഐ നിലപാടിലും സര്‍ക്കാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പല കേസുകളിലും അന്വേഷണത്തിന് തടസം പറയുന്ന സിബിഐ ഇക്കാര്യത്തില്‍ എന്തുകൊണ്ട് തിടുക്കത്തില്‍ തീരുമാനമെടുത്തുവെന്ന് സര്‍ക്കാര്‍ ചോദിച്ചിരുന്നു.
ജേക്കബ് തോമസിനെതിരായ ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്നും അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. അന്വേഷണം ഏറ്റെടുക്കാമെന്ന നിലപാട് ചോദ്യം ചെയ്ത് ജേക്കബ് തോമസും സിബിഐ ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു.