പത്തനംതിട്ട: ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞയെ കണക്കറ്റു പരിഹസിച്ച് ഡിജിപി ജേക്കബ് തോമസ്. ഗതാഗതക്കുരുക്കുള്ള കുണ്ടന്നൂരില്‍ നിരോധനാജ്ഞ ആദ്യം നടപ്പാക്കണമെന്നാണ് എറണാകുളം വഴി യാത്ര ചെയ്യുമ്പോള്‍ തനിക്ക് തോന്നിയിട്ടുള്ളത്. നാലില്‍ കൂടുതല്‍ അംഗങ്ങളുള്ള വീട്ടിലും ഒരു നിരോധനാജ്ഞ നടപ്പാക്കണമെന്നാണ് തന്റെ മറ്റൊരു അഭിപ്രായമെന്നും ജേക്കബ് തോമസ് പപരിഹസിച്ചു.
സുപ്രീം കോടതി വിധികള്‍ എല്ലാം നടപ്പാക്കിയിട്ടുണ്ടോ എന്നും ജേക്കബ് തോമസ് ചോദിച്ചു. താന്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശബരിമല സന്ദര്‍ശനത്തിനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഡിജിപി ജേക്കബ് തോമസ്.ശബരിമലയിലെ നിരോധനാജ്ഞയുടെ കാലാവധി നവംബര്‍ 26 വരെ നീട്ടിയതായി കളക്ടര്‍ പ്രഖ്യാപിച്ചിരുന്നു. ഇലവുങ്കല്‍, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും നിരോധനാജ്ഞയുമായി മുമ്പോട്ടു പോകാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം.