ലണ്ടൻ: വിംബിൾഡണിൽ വൻ മരങ്ങൾ കടപുഴകുന്നത് തുടരുന്നു. ലോക നാലാം നമ്പർ നൊവാക് ജോക്കോവിച്ച് വിംബിൾഡണിൽനിന്നും പുറത്തായി. ക്വാർട്ടർ ഫൈനലിനിടെ പരിക്കേറ്റ് മത്സരം പൂർത്തിയാക്കാതെയാണ് 30 കാരനായ സെർബിയൻ താരം കളംവിട്ടത്. ജോക്കോവിച്ച് പിൻമാറിയതോടെ എതിരാളി ചെക്ക് താരം ടോമാസ് ബെർഡിക് സെമിയിൽ കടന്നു. ആദ്യ സെറ്റ് ടൈബ്രേക്കറിൽ 7-6 (7-2) ജോക്കോവിച്ചിന് നഷ്ടമായിരുന്നു. രണ്ടാം സെറ്റിൽ 2-0 ന് പിന്നിൽനിക്കുമ്പോഴായിരുന്നു പിൻമാറ്റം.
തോളിനേറ്റ പരിക്കാണ് ജോക്കോവിച്ചിനെ വീഴ്ത്തിയത്. ഈ മത്സരം ജയിച്ചിരുന്നെങ്കിൽ ജോക്കോവിച്ചിന് ലോക റാങ്കിൽ ഒന്നാം സ്ഥാനത്ത് തിരികെയെത്താൻ കഴിയുമായിരുന്നു. ലോക 15 ാം നമ്പർ താരമായ ബെർഡിക് സെമിയിൽ റോജർ ഫെഡററെ നേരിടും. 2010 ൽ ബെർഡിക് വിംബിൾഡൺ ഫൈനലിൽ എത്തിയിരുന്നു.