പാലാ: അതിദാരുണ കൊലപാതകത്തിനു ദൃക്സാക്ഷിയായതിന്റെ ഞടുക്കത്തിലാണു കോളജിലെ സെക്യൂരിറ്റി ജീവനക്കാരനായ മുത്തോലി കോക്കപ്പുറത്തുകുന്നേൽ ജോസ്.
കഴിഞ്ഞ മൂന്നു വർഷമായി കോളജ് ഗേറ്റിലാണ് ജോലി. ഈ ഗേറ്റ് കടന്ന് 200 മീറ്റർ അകലെ പരീക്ഷാ ഹാളാണ്. ഗേറ്റിനു നൂറു മീറ്റർ അകലെ വച്ചാണു സംഭവം നടക്കുന്നത്.
“കോളജ് റോഡിൽ നിന്നും 50 മീറ്റർ അകലെയുള്ള മരച്ചുവട്ടിൽ നിന്നു ഒരു ശബ്ദം കേട്ടാണു തിരിഞ്ഞുനോക്കിയത്.ഒരു പയ്യനും പെണ്‍കുട്ടിയും തമ്മിൽ കശപിശകൂട്ടുന്നു.
അവൻ ആ പെണ്‍കുട്ടിയെ തള്ളിമാറ്റുന്നത് കണ്ട് ഞാൻ ഒച്ചവച്ച് അവരുടെ അടുത്തേക്ക് ചെല്ലാൻ തുടങ്ങവെ നീ പോടീ എന്നലറിക്കൊണ്ട് ആ പെണ്‍കുട്ടിയുടെ കഴുത്തിന് കുത്തിപ്പിടിച്ചവൻ നിലത്തുവീഴിച്ചു.
’ഇതിനിടെ രണ്ട് വിദ്യാർഥികൾ ഓടിവന്ന് അവനെ ഓടിച്ചുവിടൂ അവനാ കുട്ടിയെ കൊല്ലാൻ തുടങ്ങുന്നുവെന്ന് വിളിച്ചുപറഞ്ഞു.
ഞാൻ ഓടി അവരുടെ അടുത്തെത്തിയപ്പോൾ പൈപ്പു പൊട്ടിയപോലെ ചോര ചീറ്റുന്നതാണു കണ്ടത്.
അപ്പോൾ അവൻ സ്വന്തം കൈയ്യിൽ മുറിവേല്പിച്ച് കത്തി താഴെയിടുന്നതും കണ്ടു. ഉടൻ ഞാൻ് പ്രിൻസിപ്പലച്ചനെ വിളിച്ചു. പ്രിൻസിപ്പലും രണ്ടു സ്റ്റാഫ് അംഗങ്ങളും ഓടിവന്നു.
അപ്പോൾ പെണ്കുട്ടിക്കനക്കമുണ്ടായിരുന്നു. ഉടനെ സ്റ്റാഫിന്റെ കാറിൽ കയറ്റി ആശുപത്രിയിലേക്കു കൊണ്ടുപോയി.
ഇതിനിടെ ഒരു കൂസലുമില്ലാതെ സംഭവസ്ഥലത്തിന് എതിർവശത്തെ തിട്ടയിൽ അവൻ കാലിൻമേൽ കാലുകയറ്റിവച്ചിരിക്കുകയായിരുന്നു’’. – ജോസ് പറഞ്ഞു.