വാഷിംഗ്ടൺ: നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന് കോവിഡ് വാക്സിന് സ്വീകരിച്ചു. ഫൈസർ കമ്പനിയുടെ വാക്സിനാണ് ബൈഡനും ഭാര്യ ജിൽ ബൈഡനും സ്വീകരിച്ചത്. വാക്സിൻ കുത്തിവയ്പ്പ് ടെലിവിഷനിൽ തത്സമയം സംപ്രേക്ഷണം ചെയ്തു.
കോവിഡ് വാക്സിൻ ബോധവത്കരണത്തിന്റെ ഭാഗമായാണ് ബൈഡൻ ലൈവായി വാക്സിൻ സ്വീകരിച്ചത്. വാക്സിൻ സ്വീകരിക്കുന്നത് നേരില്‍ കാണുന്നതോടെ നിരവധി പേര്‍ക്ക് വിശ്വാസം വരും.
വാക്സിനെടുക്കാന്‍ ആളുകള്‍ ലഭ്യമാകുമ്പോള്‍ അത് തയാറാകണമെന്ന് കാണിക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നും ബൈഡൻ പറഞ്ഞു.കഴിഞ്ഞാഴ്ച മുതൽ അമേരിക്കയിൽ ഫൈസർ-ബയോണ്‍ടെക്കിന്റെ കോവിഡ് വാക്സിൻ നൽകിത്തുടങ്ങിയിരുന്നു.
കഴിഞ്ഞ ദിവസം വൈസ് പ്രസിഡന്റ് മൈക് പെൻസും ഹൗസ് സ്പീക്കർ നാൻസി പെലോസിയും വാക്സിൻ സ്വീകരിച്ചിരുന്നു. വൈറ്റ്ഹൗസിലെ വാക്സിനേഷനിലാണ് പെൻസ് വാക്സിൻ സ്വീകരിച്ചത്.
അമേരിക്കൻ കന്പനിയായ മോഡേണ വാക്സിനും യുഎസ് ഡ്രഗ് റെഗുലേറ്റർ അനുമതി നൽകിയിട്ടുണ്ട്. ഈ വാക്സിൻ കോവിഡിനെതിരേ 94 ശതമാനം ഫലപ്രദമാണെന്ന് എഫ്ഡിഎ നേരത്തേ റിപ്പോർട്ട് നല്‍കിയിരുന്നു. 20 കോടി ഡോസ് വാക്സിനാണ് യുഎസ് മോഡേർണയോട് ആവശ്യപ്പെട്ടിരിക്കുന്നത്.