ജിബിൻ കുര്യൻ
കോട്ടയം: ഇടതുമുന്നണിയിൽ പ്രവർത്തിക്കുന്ന കേരള കോണ്‍ഗ്രസ് എം സിപിഎം, സിപിഐ പാർട്ടികളെപ്പോലെ കേഡർ പാർട്ടിയാകാൻ പോകുന്നു.
കഴിഞ്ഞ ദിവസം കോട്ടയത്ത് ചേർന്ന സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയോഗമാണ് പാർട്ടിയെ തനതു കേരള കോണ്‍ഗ്രസ് ശൈലിയിൽ നിന്നും മാറ്റി കേഡർ സംവിധാനത്തിലേക്ക് മാറ്റാൻ തീരുമാനമെടുത്തത്.
ഇതിന്റെ ഭാഗമായി പാർട്ടി അംഗങ്ങളിൽ നിന്നും ലെവി പിരിക്കും. കൂടാതെ പാർട്ടി പ്രവർത്തനങ്ങൾക്കായി അംഗങ്ങളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പാർട്ടി ഫണ്ടും പിരിക്കും.
2022 ഏപ്രിലിനു മുന്‍പായി ബൂത്തു തലം മുതൽ സംസ്ഥാന തലം വരെ സംഘടനാ തെരഞ്ഞെടുപ്പും നടത്തും.
പാർട്ടി ഭരണഘടനയിൽ ആവശ്യമായ ഭേദഗതി വരുത്താനും സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിച്ചു. അടുത്ത ദിവസം ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകും.
മൂന്നു മാസത്തിനുള്ളിൽ ലെവി
സിപിഎം ഉൾപ്പെടെ ഇടതുപാർട്ടികളുടെ ശൈലിയിലാണ് കേരള കോണ്‍ഗ്രസ്- എമ്മിൽ ലെവി നടപ്പാക്കുന്നത്.
എംപി, എംൽഎമാർ മുതൽ തദ്ദേശ, സഹകരണ സ്ഥാപനങ്ങളിലും വിവിധ ബോർഡുകളിലും വിജയിച്ച ജനപ്രതിനിധികളിൽ നിന്ന് ഒരു മാസത്തെ ശന്പളമോ ലഭിക്കുന്ന ഹോണറേറിയമോ ആണ് ലെവിയായി പിരിക്കുക.
ഇത് നാലു ഗഡുക്കളായി പാർട്ടിക്ക് മുതൽക്കൂട്ടാനാണ് നിലവിലെ ആലോചന. മൂന്നു മാസത്തിനുള്ളിൽ ലെവി പാർട്ടിയിൽ ആവിഷ്കരിക്കും.പെൻഷൻ വാങ്ങുന്ന പാർട്ടി അംഗങ്ങളെ ലെവിയിൽപെടുത്തേണ്ടെന്നും തീരമാനിച്ചിട്ടുണ്ട്.
സംഘടനാ തെരഞ്ഞെടുപ്പിനു മുന്നോടിയായി അംഗത്വ വിതരണവും നടത്തും. മറ്റു പാർട്ടികളിൽ നിന്നും കേരള കോണ്‍ഗ്രസിലേക്ക് വരാനാഗ്രഹിക്കുന്നവരെ ഈ സമയത്ത് പാർട്ടിയിൽ ചേർക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
നേരിട്ടുള്ള അംഗത്വവിതരണത്തിനു പുറമേ ഓണ്‍ലൈനിലും അംഗത്വം നൽകും. പ്രവാസികളെയും ഇത്തരത്തിൽ പാർട്ടിയിലെത്തിക്കും.സിപിഎം രീതിയിൽ അച്ചടക്കം നടപ്പാക്കാൻ പാർട്ടിയിൽ അച്ചടക്ക സമതിയും രൂപീകരിക്കും.
മുതിർന്ന മൂന്നു പേർ അംഗങ്ങളായ അച്ചടക്ക സമിതിയായിരിക്കും രൂപീകരിക്കുക. സംഘടന പ്രവർത്തനത്തിലെ വീഴ്ചകളും പാർട്ടി അംഗങ്ങളുടെ പെരുമാറ്റവും പ്രസ്താവനകളും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളും അച്ചടക്ക സമിതി പരിശോധിക്കും.
പാർട്ടി സ്കൂൾ
പാർട്ടി അംഗങ്ങളെ കേരള കോണ്‍ഗ്രസ് പാർട്ടിയുടെ ഭരണഘടനയും നയങ്ങളും സമീപന പരിപാടികളും പഠിപ്പിക്കുന്നതിനായി പാർട്ടി സ്കൂളും ആരംഭിക്കാൻ പാർട്ടി ആലോചിക്കുന്നുണ്ട്.
സിപിഎം ചുവപ്പുസേന രീതിയിൽ യൂത്ത് ഫ്രണ്ട് എമ്മിന്റെ ആഭിമുഖ്യത്തിൽ കേരളമൊട്ടാകെ കെ.എം.മാണി കാരുണ്യസേനയും രൂപീകരിക്കും.
കാരുണ്യ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനായി ഇവർക്ക് പരിശീലനവും പ്രത്യേക യൂണിഫോമും നൽകും.
സംഘടനാ തെരഞ്ഞെടുപ്പ്
2022 ഏപ്രിൽ മാസം അവസാനത്തോടെ സംഘടനാ തെരഞ്ഞെടുപ്പ് പൂർത്തിയാക്കും. ബൂത്തു തലം മുതൽ സംസ്ഥാന തലം വരെയാണ് സമ്മേളങ്ങളോടെ തെരഞ്ഞെടുപ്പ്.
തെരഞ്ഞെടുപ്പിൽ പാർട്ടി ഘടകങ്ങളിൽ ജംബോ കമ്മറ്റികൾ ഉണ്ടാകില്ല. പകരം ഭാരവാഹി പട്ടിക ചുരുക്കും.
സിപിഎം മാതൃകയിൽ പോഷക സംഘടനകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനായി സംസ്ഥാന സെക്രട്ടറിമാർക്ക് ചുമതലയും നൽകി.
കെഎസ്്്സിയുടെ ചുമതല ജോർജുകുട്ടി ആഗസ്തിക്കും യുത്ത് ഫ്രണ്ടിന്റെ ചുമതല ലോപ്പസ് മാത്യുവിനുമാണ്. തൊഴിലാളി സംഘടനയായ കെടിയുസിയുടെ ചുമതല ജോസ് ടോമിനാണ്.
വനിതാ കോണ്‍ഗ്രസിന്റെ ചുമതല ജേക്കബ് തോമസ് അരികുപുറത്തിനും കർഷകയൂണിയന്റെ ചുമതല വി.വി. ജോഷിക്കുമാണ് നൽകിയിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ കേരള കോണ്‍ഗ്രസ് എം മത്സരിച്ചു പരാജയപ്പെട്ട ആറു സീറ്റുകളിലെ തോൽവി സംബന്ധിച്ച് പഠിച്ച് മൂന്നു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ സമിതിയേയും കഴിഞ്ഞ ദിവസം ചേർന്ന സ്റ്റിയറിംഗ് കമ്മറ്റി നിശ്ചയിച്ചിട്ടുണ്ട്.
പാർട്ടി മുഖപത്രമായ പ്രതിച്ഛായുടെ പ്രചാരണം ശക്തമാക്കാനും വരിക്കാരെ ചേർക്കാനും പാർട്ടി ചെയർമാൻ ജോസ് കെ.മാണി നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്.