കുട്ടിയുടെ ‘പേരില്‍’ മാതാപിതാക്കള്‍ തമ്മില്‍ തര്‍ക്കവും വഴക്കും! കുടുംബക്കോടതി കേസ് പരിഗണിക്കാതെ വന്നതോടെ മിശ്രവിവാഹിതരായ ദമ്പതികളുടെ കുട്ടിയ്ക്ക് പേരിട്ടത് ഹൈക്കോടതി; സംഭവമിങ്ങനെ

രണ്ടു മതത്തില്‍ പെട്ട ദമ്പതികള്‍ തമ്മില്‍ കുട്ടിയ്ക്ക് പേരിടുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കം പരിഹരിക്കാനാവാതായപ്പോള്‍ കുട്ടിയ്ക്ക് പേരിട്ടത്, ഹൈക്കോടതി. മിശ്ര വിവാഹിതരായ ഇരുവരും കുട്ടിയുടെ പേരിടല്‍ സംബന്ധിച്ച തര്‍ക്കവുമായാണ് കോടതിയെ സമീപിച്ചത്. കുട്ടി തന്റെ മതത്തില്‍ വളരണമെന്ന് ഇരുവരും നിര്‍ബന്ധം പിടിച്ചതോടെയാണ് പേരിടല്‍ കോടതി കയറിയത്. രണ്ടു പേരുടെയും ആഗ്രഹം കണക്കിലെടുത്ത് ഒടുവില്‍ കോടതി ഒരു പേരു നിര്‍ദേശിച്ചു, ജോഹാന്‍ സച്ചിന്‍.

ഏറെ വ്യത്യസ്തമായ രണ്ടു പേരുകളാണ് കുട്ടിക്കായി അച്ഛനും അമ്മയും കണ്ടു വച്ചിരുന്നത്. അച്ഛന്‍ അഭിനവ് സച്ചിന്‍ എന്ന് പേരിടണം എന്ന് ആഗ്രഹിച്ചപ്പോള്‍ അമ്മയുടെ ആഗ്രഹം ജൊഹാന്‍ മണി സച്ചിന്‍ എന്നു പേരിടണം എന്നായിരുന്നു. രണ്ടു പേരുകളും ഒരുമിച്ചു ചേര്‍ത്ത് ജൊഹാന്‍ സച്ചിന്‍ എന്ന പേരാണ് കോടതി നിര്‍ദേശിച്ചത്. ഇത് മാതാപിതാക്കള്‍ സമ്മതിക്കുകയും ചെയ്തു. ജസ്റ്റിസ് എ കെ ജയശങ്കര്‍ നമ്പ്യാരുടെ ബെഞ്ചില്‍ ആണ് ഈ അപൂര്‍വ സംഭവം അരങ്ങേറിയത്.

2010-ല്‍ ക്രിസ്ത്യന്‍ മതാചാരപ്രകാരം വിവാഹിതരായ ദമ്പതിമാരുടെ രണ്ടാമത്തെ കുട്ടിയുടെ പേരിടലാണ് കോടതിയില്‍ നടന്നത്. ആദ്യത്തെ കുട്ടിയ്ക്ക് സമാധാനപരമായി പേരിട്ട ഇരുവര്‍ക്കും രണ്ടാമത്തെ കുട്ടിയുടെ കാര്യമെത്തിയപ്പോള്‍ യോജിപ്പിലെത്താന്‍ സാധിക്കാതെ വരികയായിരുന്നു. പ്രശ്‌നപരിഹാരത്തിനായി ആദ്യം കുടുംബ കോടതിയെ സമീപിച്ചെങ്കിലും കേസ് കോടതി പരിഗണിച്ചില്ല. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നതോടെയാണ് ഹൈക്കോടതിയെ സമീപിക്കാന്‍ ദമ്പതികള്‍ തീരുമാനിച്ചത്.

പേരിന്റെ കാര്യത്തില്‍ വ്യക്തത ഇല്ലെങ്കില്‍ അത് കുട്ടിക്ക് സ്‌കൂളില്‍ ചേരുന്നതിനും ജനന സര്‍ട്ടിഫിക്കറ്റില്‍ പേരു ചേര്‍ക്കുന്നതിനും എല്ലാം പ്രശ്‌നമാകും എന്നതിനാല്‍ എത്രയും വേഗം ഇതില്‍ വ്യക്തത വേണമെന്ന് കോടതി തീരുമാനിക്കുകയായിരുന്നു. മണി എന്ന ഭാഗം ഒഴിവാക്കി ജൊഹാന്‍ സച്ചിന്‍ എന്ന പേരു സമ്മതമാണെന്ന് ആദ്യം അമ്മ അറിയിച്ചതിനു പിന്നാലെ അച്ഛനും സമ്മതം അറിയിക്കുകയായിരുന്നു. ജൊഹാന്‍ സച്ചിന്‍ എന്ന പേരില്‍ എത്രയും വേഗം കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ മുനിസിപ്പല്‍ സെക്രട്ടറിക്ക് കോടതി നിര്‍ദേശവും നല്‍കി.

 

Related posts