കരുണയും അനുകമ്പയും കൂടെക്കൊണ്ടുനടക്കുന്നവരുടെ ജീവിതത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കാന്‍ അധികം സമയമൊന്നും വേണ്ട എന്നാണ് കെനിയയിലെ നായ്‌റോബില്‍ നിന്നുള്ള ഒരു ബാലന്റെ ജീവിതത്തില്‍ നടന്ന സംഭവം വ്യക്തമാക്കുന്നത്. സഹജീവിയോട് കാട്ടിയ കരുണയാണ് ജോള്‍ തുവോ എന്ന ഭിക്ഷാടകനായ കുട്ടിയുടെ ജീവിതം മാറ്റിമറിച്ചത്.
പണത്തിന് വേണ്ടി തെരുവില്‍ ഭിക്ഷ യാചിക്കുന്നകൂട്ടരില്‍ ഒരാളാണ് കെനിയയില്‍ നിന്നുള്ള ജോണ്‍ തുവോ എന്ന ബാലനും. ഒരിക്കല്‍ പതിവു പോലെ ഭിക്ഷ ചോദിച്ചുകൊണ്ട് ഒരു വാഹനത്തിനുള്ളിലേയ്ക്ക് കൈനീട്ടിയ ജോണ്‍ ആ കാഴ്ച കണ്ട് ഞെട്ടി എന്നു മാത്രമല്ല സങ്കടം സഹിക്കാനാവാതെ അവന്‍ കരയാനും തുടങ്ങി. കാരണമെന്തായിരുന്നെന്നോ?
കാറിനകത്ത് ഡ്രൈവര്‍ സീറ്റില്‍ ഇരുന്നിരുന്ന സ്ത്രീയുടെ ശരീരം നിറയെ പലവിധ ട്യൂബുകള്‍ കൊണ്ട് നിറഞ്ഞിരുന്നു. കൂടാതെ അവര്‍ ശ്വസിച്ചിരുന്നത് ശരീരത്തില്‍ വച്ച് കെട്ടിയിരുന്ന ഓക്‌സിജന്‍ ടാങ്കിന്റെ സഹായത്തോടെയായിരുന്നു. തന്റെ ശ്വാസകോശങ്ങള്‍ നശിച്ചിരിക്കുകയാണെന്നും അതിനാല്‍ ജീവിച്ചിരിക്കണമെന്നുണ്ടെങ്കില്‍ ഇത്തരത്തില്‍ ട്യൂബുകളും ഓക്‌സിജന്‍ ടാങ്കുമെല്ലാം കൂടെക്കൊണ്ടുനടക്കണമെന്നുമാണ് ഗ്ലാഡിസ് കമാന്‍ഡെ എന്ന 32കാരി സ്ത്രീ ജോണിനോട് പറഞ്ഞത്. ഇത് കേട്ടിട്ടാണ് ജോണ്‍ വാവിട്ട് കരഞ്ഞത്. വെറുതെ കരഞ്ഞ് സഹതാപം കാട്ടുക മാത്രമല്ല ജോണ്‍ ചെയ്തത്. മറിച്ച്, തന്റെ കൈയ്യിലുണ്ടായിരുന്ന ചില്ലിത്തുട്ടുകള്‍ അവന്‍ ആ സ്ത്രീയ്ക്ക് നല്‍കുകയും ചെയ്തു.
ഒരു വഴിയാത്രക്കാരന്‍ ഈ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുകയുണ്ടായി. ഇത് അനേകം ആളുകള്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് നടന്നതാണ് ആദ്യം പറഞ്ഞ അത്ഭുതം. ജോണിനെ ദത്തെടുക്കാന്‍ നിസി വാംമ്പു എന്ന സ്ത്രീ തയാറായി. ജോണിനെ പഠിക്കാനും വിട്ടു. ഇതിന് പുറമേ ഗ്ലാഡിസിനെ ഇന്ത്യയിലേക്കയച്ച് അവര്‍ക്ക് വിദ്ഗ്ധ ചികിത്സ ലഭ്യമാക്കുന്നതിന് സഹായവുമായി നിരവധി ആളുകളും രംഗത്തെത്തി. ഇതാണ് പറയുന്നത് ഒരൊറ്റ നിമിഷം മതി ജീവിതം മാറിമറിയാന്‍.