കൊച്ചി: ചികിത്സയില്‍ കഴിയുന്ന തിരക്കഥാകൃത്ത് ജോണ്‍ പോളിന് സുമനസുകളുടെ സഹായമൊഴുകുന്നു. രണ്ടു ദിവസങ്ങളിലായി ചെക്ക് ഉള്‍പ്പെടെ ചികിത്സാ സഹായനിധിയിലേക്ക് എത്തിയത് ഏകദേശം 11 ലക്ഷം രൂപയാണ്. അദ്ദേഹത്തിനുള്ള ചികിത്സാസഹായമൊരുക്കാന് സുഹൃത് സംഘമാണ് മുന്നിട്ടിറങ്ങിയത്.
മാസങ്ങളായി നീളുന്ന ചികിത്സയെ തുടര്‍ന്ന് ജോണ്‍ പോളും കുടുംബവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നതു കണക്കിലെടുത്താണ് സുഹൃത്തുക്കളുടെ നേതൃത്വത്തില്‍ ചികിത്സാ സഹായം സ്വരൂപിക്കുന്നത്.
എറണാകുളത്തെ സ്വകാര്യആശുപത്രിയില്‍ പ്രത്യേക പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ജോണ്‍ പോള്‍. നേരിയതോതില്‍ ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്.
കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് നല്‍കിയിരുന്ന ശ്വസനസഹായം രാത്രി മാത്രമായി പരിമിതപ്പെടുത്തി. ഇതുവരെ ചികിത്സയ്ക്കായി 20 ലക്ഷത്തോളം രൂപ ചെലവായി.
മാക്ട ഉള്‍പ്പെടെയുള്ള സിനിമാ സംഘടനകള്‍ സാമ്പത്തിക സഹായം നല്‍കിയെങ്കിലും എങ്ങുമെത്താത്ത അവസ്ഥയാണ്. ജോണ്‍ പോളിന്റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.
സുഹൃത്തുക്കളും കൊച്ചിയിലെ സാംസ്കാരിക, സാമൂഹിക പ്രവര്‍ത്തകരുമായ പ്രഫ. എം.കെ. സാനു, ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. തോമസ് പുതുശേരി, പ്രഫ. എം. തോമസ് മാത്യു, സംവിധായകന് എം. മോഹന്‍, സിഐ സി.സി. ജയചന്ദ്രന്, പി. രാമചന്ദ്രന്, അഡ്വ. മനു റോയ്, സി.ജി. രാജഗോപാല്‍, ജോണ്സണ് സി. ഏബ്രഹാം, തനൂജ ഭട്ടതിരി തുടങ്ങിയവരാണ് കുടുംബത്തിനു പിന്തുണയുമായി രംഗത്തുള്ളത്.
ജോണ്‍ പോളിന്റെ മകളുടെ ഭര്‍ത്താവ് ജിബി ഏബ്രഹാമിന്റെ പേരിലുള്ള എസ്ബിഐ കാക്കൂര്‍ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കു സാമ്പത്തിക സഹായം നല്‍കാവുന്നതാണെന്ന് സുഹൃത്സംഘം അറിയിച്ചു.
അക്കൗണ്ട് നമ്പര്‍: 67258022274, എസ്ബിഐ കാക്കൂര്‍ ബ്രാഞ്ച്, ഐഎഫ്എസി കോഡ് SBIN0070543. ഗൂഗിള്‍പേയായി 9446610002 എന്ന നമ്പറിലും സഹായങ്ങള്‍ നല്‍കാം.