പ്രിയ രുഞ്ചാലിനെ ഭാര്യയായി ലഭിച്ചത് തന്റെ ഭാഗ്യമാണെന്ന് ബോളിവുഡിലെ സൂപ്പർനായകൻ ജോണ് ഏബ്രഹാം. 2014 ജനുവരിയിലാണ് ജോണ് ഏബ്രഹാം പ്രിയ രുഞ്ചാലിനെ പ്രണയത്തിനൊടുവിൽ വിവാഹം കഴിച്ചത്.
പ്രിയ രുഞ്ചാലുമായി അടുക്കുന്നതിനു മുന്പ് ബോളിവുഡ് സുന്ദരി ബിപാഷ ബസുവുമായി ജോണ് പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാതെ ഏറെക്കാലം ഒരുമിച്ചു താമസിച്ച ഇരുവരും പിന്നീട് പിരിഞ്ഞു. ഇതേത്തുടർന്നാണ് ജോണ് ബാങ്ക് ഉദ്യോഗസ്ഥയായ പ്രിയ രുഞ്ചാലുമായി അടുത്തത്.
വിദേശത്ത് ബാങ്കിൽ ജോലി ചെയ്യുന്ന പ്രിയ ജോണിനോടൊപ്പം പൊതുചടങ്ങുകളിലൊന്നും കൂടുതലായി പ്രത്യക്ഷപ്പെടാറില്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തിനു ജോണ് ഏബ്രഹാമിന്റെ മറുപടി ഇങ്ങനെ: എന്നോടൊപ്പം സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിൽക്കാൻ അവൾക്ക് താൽപര്യമില്ല. പ്രിയ അവളുടെ ലോകത്ത് തിരക്കിലാണ്.
എന്റെ ഭാഗ്യമാണ് അവളെപ്പോലെ ഒരു ഭാര്യയെ ലഭിച്ചത്. ഒരു വിവാഹജീവിതത്തിൽ ഏറ്റവും പ്രധാനമായി വേണ്ടത് പങ്കാളികൾ പരസ്പരം മനസിലാക്കുക എന്നതാണ്. വിവാഹജീവിതം മുന്നോട്ടു പോകണമെങ്കിൽ നല്ല പക്വത കാണിക്കണം. എനിക്ക് പക്വത ഇല്ല. പക്ഷേ പ്രിയയ്ക്ക് അതുണ്ട്. ഞാൻ ഒരു നല്ല ഭർത്താവല്ല എന്ന സത്യം തിരിച്ചറിയുന്നു.
പക്ഷേ ഒരു കാര്യത്തിലും പരാതിയുമായി പ്രിയ എന്റെയടുത്ത് വന്നിട്ടില്ല. എന്റെ കുറ്റങ്ങളെയും കുറവുകളെയും അംഗീകരിക്കാനുള്ള മനസ് അവൾക്കുണ്ട്-ജോണ് ഏബ്രഹാം പറയുന്നു. ജോണ് ഏബ്രഹാം നായകനായ സത്യമേവ ജയതേ ഓഗസ്റ്റ് 15ന് പ്രദർശനത്തിനെത്തും.