ഇതിഹാസതാരം ബ്രൂസ്ലീയുടെ മകൻ ബ്രാൻഡൻ ലീ സിനിമയിൽ ചുവടുറപ്പിച്ചു വരവേയാണ് മരണം ആകസ്മികമായി അദ്ദേഹത്തെ തട്ടിയെടുത്തത്.
ഇപ്പോഴും അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ബ്രൂസ് ലീയേക്കാൾ പേരെടുക്കുമായിരുന്നു.1993ൽ ”ദി ക്രോ’ എന്ന ചിത്രത്തിൽ അഭിനയിക്കാനായി കരാർ ഒപ്പിടുന്പോൾ ഒരിക്കലും അയാൾ ചിന്തിച്ചിട്ടുണ്ടാവില്ല. ഇതു തന്റെ അവസാന ചിത്രമായിരിക്കുമെന്ന്.
ക്ലൈമാക്സ് രംഗം
സിനിമയുടെ ചിത്രീകരണം പൂർത്തികാൻ വെറും എട്ട് ദിവസങ്ങൾ ബാക്കി നിൽക്കേയാണ് ബ്രാൻഡൻ ലീ മരണത്തിനു കീഴടങ്ങിയത്.
അന്ന് ക്ലൈമാക്സ് രംഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. നായികയെ രക്ഷിക്കാൻ നായകൻ വരുന്ന രംഗം. സംഘർഷഭരിതമായ വെടിവയ്പ് രംഗം.
ഉപയോഗിച്ചിരുന്ന പ്രോപ്പ് ഗണ്ണിലെ കാറ്റ്റിഡ്ജിലെ പ്രൈമറുകൾ നീക്കം ചെയ്യാൻ മറന്നുപോയത് ആണ് ബ്രാൻഡൻ ലീയെ മരണത്തിലേക്കു തള്ളിയിട്ടത്.
ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിന്റെവലിയ ഒച്ചപ്പാടുകൾക്കു നടുവിൽ ബ്രാൻഡൻ ലീയ്ക്ക് വെടിയേറ്റ കാര്യം ആരും ആദ്യം തിരിച്ചറിഞ്ഞില്ല.
സംവിധായകൻ കട്ട് പറഞ്ഞതിനു ശേഷവും ബ്രാൻഡൻ ലീ ഫീൽഡിൽനിന്ന് എഴുന്നേറ്റില്ല. ബ്രാൻഡൻ ലീക്ക് ഇതെന്തുപറ്റി. ഷൂട്ട് തീർന്നിട്ടും എഴുന്നേൽക്കുന്നില്ല.
ആദ്യം കൂടിനിന്നവർ കരുതിയതു തമാശ കാട്ടുകയാണെന്നായിരുന്നു. പക്ഷേ പിന്നീടാണ് അറിഞ്ഞത് ഇതു തമാശയല്ല, കാര്യമാണെന്ന്.
വെടിയേറ്റത് വയറിന്
തറയിൽ എഴുന്നേൽക്കാതെ കിടക്കുന്ന ലീക്ക് അടുത്തേക്ക് ക്രൂ അംഗങ്ങൾ ഒാടിയെത്തി. അപ്പോഴാണ് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്ന ലീയെ അവർ കണ്ടത്.
ഇതോടെ ലീക്ക് വയറിനു വെടിയേറ്റിരിക്കുന്നുവെന്നു ക്രൂ അംഗങ്ങൾക്കു മനസിലായി. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. അദ്ദേഹം ബോധരഹിതനായി.
ലീയുമായി ഷൂട്ടിംഗ് സംഘം ആശുപത്രിയിലേക്കു കുതിച്ചു. ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയെങ്കിലും അദ്ദേഹത്തെ രക്ഷിക്കാനായില്ല. മരിക്കുന്പോൾ ബ്രാൻഡൻ ലീയുടെ പ്രായം വെറും 28 വയസ്.
ജോൺ എറിക്
അമേരിക്കൻ നടനും മോഡലുമായ ജോണ് എറിക് ഹെക്സമാണ് ഷൂട്ടിംഗിനിടെ വെടിയേറ്റു മരിച്ച മറ്റൊരു താരം. 1984 ഒക്ടോബറിൽ കവർ അപ് എന്ന ടെലിവിഷൻ സീരീസിന്റെ ചിത്രീകരണത്തിനിടെയാണ് അപകടം നടന്നത്.
ഷൂട്ടിംഗിന്റെ ഇടവേളയിൽ വിരസത തോന്നിയപ്പോഴാണ് ജോൺ എറിക് ഹെക്സത്തിനു വേണ്ടാത്ത വിചാരം തോന്നിയത്. ചിത്രീകരണത്തിനായി നൽകിയ പ്രോപ്പ് ഗണ് തലയിൽ വച്ചു വെറുതെ കാഞ്ചി വലിച്ചു. പോരേ പൊടിപൂരം.
തോക്കിൽ ബുള്ളറ്റില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു ജോൺ അങ്ങനെ ചെയ്തത്. എന്നാൽ, ജോൺ കാഞ്ചി വലിക്കേണ്ടി താമസം തലച്ചോർ തുളച്ചുകയറി വെടിയുണ്ട കടന്നുപോയി.
ഇത് തലച്ചോറിൽ വലിയ തോതിൽ രക്തസ്രാവത്തിന് കാരണമായി. ആഴ്ചകളോളം അദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു. ഒടുവിൽ മരണത്തിനു കീഴടങ്ങി. മരണപ്പെടുന്പോൾ പ്രായം 26 വയസ് ആയിരുന്നു.
(തുടരും)
തയാറാക്കിയത് എൻ.എം.