സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത ചിത്രമാണ് “ഷൂട്ടൗട്ട് അറ്റ് വഡാല’. 2013ൽ ജോണ് ഏബ്രഹാം നായകനായി പുറത്തിറങ്ങിയ ചിത്രം.
ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ജോണ് ഏബ്രഹാമിന് ജീവൻ നഷ്ടപ്പെടേണ്ടതായിരുന്നു. അധോലോക നായകന്റെ വേഷമായിരുന്നു ജോണിന് ചിത്രത്തിൽ.
സഹതാരമായ അനിൽ കപൂർ ജോണ് ഏബ്രഹാമിനെ വെടിവയ്ക്കുന്ന ഭാഗം ഈ സിനിമയിലുണ്ടായിരുന്നു.
അനിൽ കപൂർ ജോണിനുനേരേ കൈത്തോക്ക് ഉപയോഗിച്ച് വെടിവച്ചപ്പോൾ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിലും തീവ്രതയിലും ബുള്ളറ്റ് പാഞ്ഞ് ജോണിന്റെ കഴുത്തിന്റെ ഇടതുഭാഗത്ത് സ്പർശിച്ച് മുന്നോട്ടു പോകുകയായിരുന്നു.
ഈ ബുള്ളറ്റ് ജോണിന്റെ കഴുത്തിലെങ്ങാനും തുളച്ചു കയറിയാൽ ജോണിന്റെ ജീവൻ തന്നെ നഷ്ടപ്പെടുമായിരുന്നു.
ഇതൊരു യഥാർഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമായിരുന്നു. മനോജ് ബാജ്പേയ്, തുഷാർ കപൂർ, സോനു സൂദ്, കങ്കണ റണൗത്ത് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.
സെപ്റ്റംബർ 23ന് എല്ലാം അവസാനിക്കുമായിരുന്നു. ഞാൻ ജീവിച്ചിരിപ്പുണ്ടെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല ജോണ് ഏബ്രഹാം പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
എന്റെ കഴുത്തിന് പൊള്ളലേറ്റു, മുറിവ് ഇപ്പോഴും എന്റെ കോളർ ബോണിൽ ഉണ്ട്. ഇത് വേദനിപ്പിക്കുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല എന്ന മട്ടിൽ ഞാൻ എന്റെ ദൈനംദിന ജോലികൾ ചെയ്യുന്നു.
ഈ സംഭവം മറക്കാൻ ഞാൻ തീർച്ചയായും ഒരുപാട് സമയമെടുക്കും. തെറ്റ് ആരുടേതാണെന്ന് ചോദിച്ചാൽ എല്ലാം കൊടും ചൂടിൽ സംഭവിച്ചു എന്ന് മാത്രമേ പറയൂ.
ആ ബ്ലാങ്ക് ബുള്ളറ്റിന്റെ തീവ്രതയും വേഗതയും ആരും പ്രതീക്ഷിച്ചിരുന്നില്ല. അനിൽ കപൂറിന്റെ തോക്ക് ഞാൻ പരിശോധിക്കേണ്ടതായിരുന്നുവെന്ന് ഞാൻ കരുതുന്നു.
ഏതെങ്കിലും വെടിവയ്പ്പ് സീൻ ചെയ്യുകയാണെങ്കിൽ എപ്പോഴും എന്റെ തോക്കുകൾ ഞാൻ രണ്ടുതവണ പരിശോധിക്കുകയും ചെയ്യും.
ഞാൻ അജ്ഞേയവാദിയാണ്, പക്ഷേ അവിടെ ദൈവമുണ്ടെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നുജോൺ ഏബ്രഹാം പറഞ്ഞു.
എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുന്പോൾ തന്നെ എന്നെ പേടിച്ചിട്ട് വിറയ്ക്കും സംവിധായകൻ സഞ്ജയ് ഗുപ്ത അപകടത്തെത്തുടർന്ന് പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
തീയിൽനിന്ന് പകർന്ന പ്രണയം
മുതിർന്ന നടൻ സുനിൽ ദത്തിന്റെയും ഭാര്യ നർഗീസിന്റെയും പ്രണയം ഒരു ദാരുണമായ സംഭവത്തോടെയാണ് ആരംഭിച്ചത്.
ഇരുവരും ഒരുമിച്ച് അഭിനയിച്ച മദർ ഇന്ത്യ എന്ന സിനിമയുടെ സെറ്റിലാണ് വലിയൊരു അപകടത്തിൽനിന്ന് സുനിൽദത്തിന്റെയും നർഗീസിന്റെയും രക്ഷപ്പെടൽ.
ഫയർ സീൻ ആയിരുന്നു അന്ന് ഷൂട്ട് ചെയ്തിരുന്നത്. കാറ്റിന്റെ ദിശ മോശമായതിനാൽ നർഗീസ് തീയുടെ നടുവിൽ കുടുങ്ങിപ്പോയി.
നർഗീസ് അപകടത്തിൽപ്പെട്ടുവെന്ന് അറിഞ്ഞ ആ നിമിഷം സുനിൽദത്ത് സ്വന്തം സുരക്ഷയെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കാതെ ഒരു പുതപ്പുമായി നർഗീസിനെ രക്ഷിക്കാൻ തീയിൽ കയറി. രണ്ട് അഭിനേതാക്കളും തമ്മിലുള്ള ഒരു വലിയ പ്രണയകഥയുടെ തുടക്കമായിരുന്നു ഇത്.
സുനിൽ ദത്ത് സിനിമയിൽ ചുവടുവയ്ക്കുന്പോൾ നർഗീസ് ഒരു സ്ഥിരതയുള്ള അഭിനേതാവായിരുന്നു.
നർഗീസിന്റെയും സുനിൽ ദത്തിന്റെയും അപകട സംഭവത്തിനു ശേഷം, നർഗീസ് പരിക്കേറ്റ സുനിൽ ദത്തിനെ രണ്ടാഴ്ചയിലേറെ ശുശ്രൂഷിക്കാൻ ഒപ്പംനിന്നു.
ഒടുവിൽ അവർ പരസ്പരം അടുത്തു. 1958ൽ ഇരുവരും വിവാഹിതരാവുകയും തങ്ങളുടെ വിവാഹം ആഘോഷിക്കാൻ അടുപ്പക്കാർക്കായി വിരുന്ന് സത്കാരം സംഘടിപ്പിക്കുകയും ചെയ്തു.
(തുടരും)
തയാറാക്കിയത് എൻ.എം.