അടിമാലി: ആറുമാസം മുന്‍പ് കാണാതായ വീട്ടമ്മയുടെ മൃതദേഹം പുരയിടത്തിൽ കുഴിച്ചിട്ടനിലയിൽ കണ്ടെത്തി. പണിക്കൻകുടി ചിന്നാർനിരപ്പ് മണിക്കുന്നേൽ ലാലി (42)യുടെ മൃതദേഹമാണ് ഇവരുടെ വീടിന്റെ സമീപത്തുനിന്നു കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി കിളിയിക്കൽ ജോണിയെ(48) കുടകിൽനിന്നു പോലീസ് അറസ്റ്റ് ചെയ്തു.
പോലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ നവംബർ ഒന്നിനാണു കേസിനാസ്പദമായ സംഭവം. ഭർത്താവുമായി പിണങ്ങി ഒറ്റയ്ക്കു താമസിക്കുകയായിരുന്ന ലാലിയുമായി രണ്ടുവർഷം മുന്‍പാണു ജോണി പരിചയപ്പെടുന്നത്. വാഴത്തോപ്പ് കേശവമുനി ഭാഗത്തു താമസിച്ചിരുന്ന ഇയാൾ ചിന്നാർനിരപ്പിൽ സ്ഥലംവാങ്ങി താമസം ആരംഭിച്ചു. ലാലിയുടെ കെട്ടിടം നിർമിക്കുന്നതിനു ജോണിയാണ് കരാർ എടുത്തിരുന്നത്. ഇതോടെ ഇവർ കൂടുതൽ അടുപ്പത്തിലായി. പിന്നീടു വീടുനിർമാണം പൂർത്തിയായശേഷം പണത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് ഒരുവർഷംമുന്പ് ഇവർ അകന്നു.
നവംബർ ഒന്നിന് രാത്രി ലാലിയുടെ വീട്ടിലെത്തിയ ജോണി ഇവരുമായി വാക്കുതർക്കത്തിലായി. അതിനിടെ, വീട്ടിലിരുന്ന വാക്കത്തികൊണ്ടു ലാലിക്കു വെട്ടേറ്റു. വെട്ടേറ്റു മരിച്ച ലാലിയുടെ മൃതദേഹം അർധരാത്രിയോടെ വലിച്ചിഴച്ചു വീടിനു സമീപത്തു കുഴിച്ചിടുകയായിരുന്നു. വിളക്കുകളെല്ലാം അണച്ചശേഷം സിഗരറ്റ് ലൈറ്ററിന്റെ വെട്ടത്തിലാണു മൃതദേഹം കുഴിച്ചുമൂടിയത്. ആഭരണങ്ങളും മൊബൈൽ ഫോണും കൈവശപ്പെടുത്തി ജോണി പിറ്റേദിവസം ഇവിടെനിന്നു മുങ്ങുകയായിരുന്നു.
ഇതിനിടെ, ജോണിയുടെ കൈവശമുണ്ടായിരുന്ന ലാലിയുടെ ഫോണിലേക്കു പള്ളിയിൽനിന്നു വിളിവന്നിരുന്നു. അസുഖമായി കിടക്കുകയാണെന്ന് ഇയാൾ അറിയിച്ചു. കഴിഞ്ഞ വർഷം നവംബർ 12ന് ജോണി നേര്യമംഗലത്തുനിന്നു മുവാറ്റുപുഴയിൽ താമസിക്കുന്ന ലാലിയുടെ മകൻ സുനിലിനെ ഫോണിൽ വിളിച്ച് അമ്മ തന്റെ കൂടെയുണ്ടെന്നും യാത്രയിലാണെന്നും അറിയിച്ചു. ഫോണ്‍വിളിയിൽ സംശയം തോന്നിയ മകൻ നടത്തിയ അന്വേഷണത്തിൽ കുറച്ചുദിവസമായി അമ്മയെ കാണാനില്ലെന്നു മനസിലാക്കി. ഇതേതുടർന്ന് മകൻ പരാതി നൽകുകയായിരുന്നു.
തുടർന്ന് മുന്നു മാസം പോലീസ് അന്വേഷണം നടത്തിയെങ്കിലും ലാലിയെ സംബന്ധിച്ചു വിവരങ്ങളൊന്നും ലഭിച്ചില്ല. ഇതോടെ ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപൽ അടിമാലി സിഐ ടി.യു.യുനിസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുകയായിരുന്നു.
തുടർന്നു നടത്തിയ അന്വേഷണത്തിൽ ലാലിയുടെ തിരോധാനത്തിൽ ജോണിക്കു പങ്കുള്ളതായി ബോധ്യപ്പെട്ടു. കർണാടക കുടകിനുസമിപം ഗോണികുപ്പിയിൽനിന്നാണ് ജോണി അറസ്റ്റിലായത്. ഇയാൾ മക്കുവള്ളി, മനയത്തടം എന്നിവിടങ്ങളിൽ തങ്ങിയശേഷം ഒരാഴ്ച മുന്‍പാണു കുടകിലേക്കു പോയത്. ഇയാൾക്കു പ്രായപൂർത്തിയായ രണ്ടു മക്കളുണ്ട്. മറ്റു പല സ്ത്രീകളുമായും ഇയാൾക്ക് അടുപ്പമുണ്ട്.
മൂന്നാർ ഡിവൈഎസ്പി അനിരുദ്ധൻ, ദേവികുളം തഹസിൽദാർ ടി.എ. ഷാജി, ഫോറൻസിക് വിദഗ്ധർ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്തു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.