സ്വന്തം ലേഖകൻ
അത്താണി: കൈകാലുകളുടെ അംഗപരിമിതിമൂലം ജന്മനാ കിടപ്പിലാണെങ്കിലും 33 -ാം വയസിൽ പഠിച്ചു പത്താം ക്ലാസ് പരീക്ഷ ഒന്നാം ക്ലാസോടെ പാസായ ജോണി കിടക്കയിൽ കിടന്നു ചിരിച്ചു. തന്നെ അഭിനന്ദിക്കാൻ എത്തിയ തൃശൂർ അതിരൂപത ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് പൊന്നാട അണിയിച്ചപ്പോൾ ജോണിക്ക് ആഹ്ലാദം അടക്കാനായില്ല.
അംഗപരിമിതരേയും ബുദ്ധിവൈകല്യമുള്ളവരേയും സംരക്ഷിക്കുന്ന തൃശൂർ അതിരൂപതയുടെ സ്ഥാപനമായ പോപ്പ് ജോണ് പോൾ പീസ് ഹോമിലെ അന്തേവാസിയാണു ജോണി.വടക്കാഞ്ചേരി നഗരസഭ അന്പലപുരം വാർഡ് മെന്പർ മധു അന്പലപുരം, പീസ് ഹോം ഡയറക്ടർ ഫാ. ജിജോ വള്ളൂപ്പാറ, മുൻ ഡയറക്ടറും കൊട്ടേക്കാട് ഫൊറോന പള്ളി വികാരിയുമായ ഫാ. ജോജു ആളൂർ, സിസ്റ്റർ പി.ഡി. മേരി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കമിഴ്ന്നു കിടക്കാൻ മാത്രം കഴിയുന്ന ജോണിക്കു പരസഹായമില്ലാതെ ഒന്നും ചെയ്യാനാവില്ല. കുളിയും ഭക്ഷണം കഴിക്കലും അടക്കമുള്ള പ്രാഥമിക കാര്യങ്ങളെല്ലാം നിർമലദാസി സിസ്റ്റർമാരാണ് ചെയ്തുകൊടുക്കുന്നത്. സംസാരശേഷി കുറവാണ്. വായനാശീലമുണ്ട്. സ്കൂളിലേക്ക് ആദ്യമായി പോയത് ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ പത്താം ക്ലാസ് പരീക്ഷ എഴുതാനാണ്.
ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് നിർദേശിച്ചതനുസരിച്ച് പീസ് ഹോം അധികൃതർ ജോണിക്കു പാഠപുസ്തകങ്ങൾ വാങ്ങിക്കൊടുത്തു. പഠിപ്പിക്കാനും തുടങ്ങി. അംഗപരിമിതരെ പരിചരിക്കുന്ന നിർമലദാസി സിസ്റ്റർമാർ ഗുരുനാഥരുമായി. പരീക്ഷ എഴുതാനുള്ള ഫീസ് അടച്ചത് ആർച്ച്ബിഷപ്പാണ്. ചാലക്കുടിയിലെ വ്യാസ ഹയർ സെക്കൻഡറി സ്കൂളായിരുന്നു പരീക്ഷാകേന്ദ്രം. പീസ് ഹോം ഡയറക്ടർ ഫാ. ജീജോ വള്ളൂപ്പാറയും നിർമലദാസി സന്യാസിനിമാരും ചേർന്നാണ് ജോണിയെ വാഹനത്തിൽ കയറ്റി പരീക്ഷാകേന്ദ്രത്തിലെത്തിച്ചത്.
പീസ് ഹോമിന് അരികിൽ താമസിക്കുന്ന കുടുംബത്തിലെ ഒന്പതാം ക്ലാസുകാരനായ സിദ്ധാർഥാണു കൈകൾക്കുശേഷിയില്ലാത്ത ജോണിക്കുവേണ്ടി പരീക്ഷ എഴുതിയത്. ഓരോ ചോദ്യത്തിനും ജോണി പറഞ്ഞുകൊടുത്ത ഉത്തരം സഹായിയായ സിദ്ധാർഥ് എഴുതുകയായിരുന്നു. ഫലം വന്നപ്പോൾ 63 ശതമാനം മാർക്ക്.ഒലിപ്പാറ സ്വദേശിയായ ജോണി 22 വർഷം മുന്പ് 1994 ജനുവരി 13 നാണ് മേഴ്സി ഹോമിൽ അന്തേവാസിയായി എത്തിയത്. പത്താം വയസിൽ ജോണിയെ മേഴ്സി ഹോമിൽ ഏല്പിച്ച നിർധനരായ മാതാപിതാക്കൾ പിന്നെ കാണാൻപോലും വന്നിട്ടില്ല.