മലയാറ്റൂർ: അന്തർദേശീയ തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലെ റെക്ടർ ഫാ.സേവ്യർ തേലക്കാട്ട് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് അറസ്റ്റു ചെയ്ത മലയാറ്റൂർ തേക്കുംതോട്ടം വട്ടപ്പറന്പൻ ജോണിയെ (56) മലയാറ്റൂരിൽ കൊണ്ടുവന്ന് തെളിവെടുത്തു.
ഇന്നു രാവിലെ ആറിനാണ് സിഐ സജി മാർക്കോസ്, എസ്ഐ എൻ.എ. അനൂപ്, പോലീസ് ഓഫീസർമാരായ അബ്ദുൾ സത്താർ, സെബാസ്റ്റ്യൻ, ശ്രീകുമാർ എന്നിവരടങ്ങുന്ന സംഘം മലയാറ്റൂർ അടിവാരത്ത് പ്രതിയെ പോലീസ് വാഹനത്തിൽ എത്തിച്ചത്. തുടർന്ന് തെളിവെടുപ്പ് ആരംഭിച്ചു.
റെക്ടറെ കുത്താൻ ഉപയോഗിച്ച കത്തിയെടുത്ത അടിവാരത്തുള്ള സ്റ്റാളും സ്ഥലവും പ്രതി പോലീസിനു കാണിച്ചു കൊടുത്തു. തുടർന്ന് ഓടിച്ചുകൊണ്ടുവന്ന ഇരുചക്ര വാഹനം നിർത്തിയ സ്ഥലവും പോയ വഴികളും പോലീസിനെ കാണിച്ച് വിശദീകരിച്ചു.
അടിവാരത്തുനിന്നു കുരിശുമുടിയിലേക്കു പോയ നിരപ്പ് സ്ഥലവും ഒന്നാം സ്ഥലവും റെക്ടറെ കുത്തിയ സ്ഥലവുമെല്ലാം വിശദീകരിച്ചതോടെ പ്രതിയെ താഴേക്കു കൊണ്ടുവന്ന് പോലീസ് വാഹനത്തിൽ കയറ്റി തിരിച്ച് സ്റ്റേഷനിലേക്ക് കൊണ്ടു പോയി.
റിമാൻഡിലായിരുന്ന പ്രതിയെ രണ്ട് ദിവസത്തേക്കാണ് കാലടി പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. ഇന്നലെ കാലടി സ്റ്റേഷനിൽ എത്തിച്ച പ്രതിയെ സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് അതീവ രഹസ്യമായാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്.
വലിയ പോലീസ് സംഘവും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ഒന്നിനാണ് റെക്ടറായ ഫാ.സേവ്യർ തേലക്കാട്ട് മലയാറ്റൂർ മലയിലെ ആറാം സ്ഥലത്ത് കൊല്ലപ്പെട്ടത്. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ രണ്ടിന് ഉച്ചയോടെ മലയാറ്റൂർ കുരിശുമുടിയിലെ ഒന്നാം സ്ഥലത്തിനു സമീപം ഇഞ്ചിക്കുഴിയിലുള്ള തോട്ടത്തിൽ നിന്നാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസ് പ്രതിയെ പിടികൂടിയത്.