കൊച്ചി: മകനെ ഉപദ്രവിക്കുമെന്നും കുടുംബത്തെ ഇല്ലാതാക്കുമെന്നും കൊച്ചിയിലെ വ്യവസായിക്ക് തിരുവനന്തപുരത്തെ ക്വട്ടേഷൻ സംഘത്തിൽ നിന്നും ഭീഷണി വന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടയായ കരാട്ടേ ജോണിയാണ് പണം നൽകിയില്ലെങ്കിൽ മകനെ വെട്ടിപ്പരിക്കേൽപ്പിക്കുമെന്നും കുടുംബത്തെ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തിയിരിക്കുന്നത്. 15 ദിവസത്തിനകം 45 ലക്ഷം രൂപ നൽകണമെന്നാണ് ഭീഷണി. സംഭവത്തിൽ ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് കരാട്ടേ ജോണിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പല സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് തെരച്ചിൽ നടത്തുന്നത്. പൂവച്ചൽ സ്വദേശിയായ ഒരാളാണ് വ്യവസായിക്കെതിരെ കരാട്ടെ ജോണിക്ക് ക്വട്ടേഷൻ കൊടുത്തിരിക്കുന്നത്. കഴിഞ്ഞവർഷം ഇയാൾ തനിക്കെതിരെ ഒരു കള്ളക്കേസ് കൊടുത്തിരുന്നതായും അതിൽ വാസ്തവമൊന്നുമില്ലെന്ന് കണ്ട് പോലീസ് ഇത് തള്ളിക്കളഞ്ഞിരുന്നതായും വ്യവസായി പറഞ്ഞു. പൂവച്ചൽ സ്വദേശിയായ ആൾ തന്നെയാണ് ക്വട്ടേഷൻ നൽകിയിരിക്കുന്നതെന്ന് കരാട്ടെ ജോണി തന്നോടു പറഞ്ഞു.
വിദ്യാർഥിയായ മകൻ തന്റെ നിരീക്ഷണത്തിലാണെന്നും പണം നൽകിയില്ലെങ്കിൽ കാലു വെട്ടിക്കളയുമെന്നും തനിക്ക് ജയിലിൽ പോകാൻ മടിയുമില്ലെന്നുമായിരുന്നു കാരട്ടെ ജോണിയുടെ ഫോണിലൂടെയുള്ള ഭീഷണിയെന്നും വ്യവസായി പറയുന്നു. അതേസയമം താൻ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും തനിക്ക് ആരും ക്വട്ടേഷൻ നൽകിയിട്ടില്ലെന്നും കരാട്ടെ ജോണി തന്നെ തിരുവനന്തപുരത്ത് പോലീസിനെ വിളിച്ച് അറിയിച്ചതായും അറിയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചതിനെ തുടർന്ന് തലയൂരാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് സൂചന.