പീരുമേട്: തന്നെ സഹായിച്ചവർക്ക് നന്ദിയറിയിച്ച് ജോണി പിയേർസ്. അമേരിക്കയിലെത്തി കോവിഡ് വാക്സിൻ സ്വീകരിച്ചതിനുശേഷം താൻ സുരക്ഷിതനാണെന്നുള്ള സന്തോഷം ഫെയ്സ് ബുക്കിലൂടെയാണ് ജോണി പിയേർസ് പങ്കുവച്ചത്.
കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ വാഗമണ്ണിൽ ഒറ്റയ്ക്കായ ജോണിക്ക് തുണയായത് മാധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ്.
വാർത്ത ശ്രദ്ധയിൽപെട്ടതിനുശേഷം ജോണി പിയേർസിന് ആശ്വാസവും സഹായവുമായി ചെന്നെയിലെ അമേരിക്കൻ എംബസി എത്തുകയായിരുന്നു.
തുടർന്നാണ് ഖത്തർ വഴിയുള്ള വിമാനത്തിൽ നാട്ടിലേക്ക് മടങ്ങുവാൻ ജോണിക്ക് അവസരം ലഭിച്ചത്. നാട്ടിലെത്തിയ ഉടനെ വാക്സിൻ സ്വീകരിക്കുവാനുള്ള അവസരവും ലഭിച്ചു.
പതിനാല് മാസംമുന്പ് വിനോദസഞ്ചാരത്തിനായി കേരളത്തിൽ എത്തിയതിനുശേഷം തിരിച്ചുപോകാനാവാതെ കോടതിയുടെ പ്രത്യേക അനുമതി നേടി കേരളത്തിൽ തുടരുകയായിരുന്നു ഇദ്ദേഹം.
എന്നാൽ വിദേശ പൗരനായതിനാൽ കോവിഡ് വാക്്സിൻ ലഭിക്കാതെവന്ന സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങുവാൻ തീരുമാനിക്കുകയായിരുന്നു.
ജനുവരിമുതൽ വാക്സിനായി പല ആശുപത്രികളിലും സന്ദർശിച്ച് ശ്രമിച്ചിട്ടും വാക്സിൻ ലഭ്യമായിരുന്നില്ല.