മലയാളസിനിമയിൽ ഒരു കാലത്ത് മിന്നിനിന്ന വില്ലനായിരുന്നു ജോണി, യഥാർഥ പേര് കുണ്ടറ ജോണി. 1979-ൽ പുറത്തിറങ്ങിയ അഗ്നിപർവതം എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്കു കടന്നു വന്നത്.
ഗോഡ്ഫാദർ എന്ന ചിത്രത്തിലെ ജോണിയുടെ കഥാപാത്രം മതി അദ്ദേഹത്തെ മലയാളി ഓർത്തിരിക്കാൻ. നൂറിലധികം കഥാപാത്രത്തെ അവതരിപ്പിച്ച വില്ലനാണ് ജോണി.
കിരീടം, ചെങ്കോൽ എന്നീ മോഹൻലാൽ ചിത്രത്തിലും ജോണി വില്ലനായി എത്തിയിരുന്നു. ആ സിനിമകളിലെ ആരും അറിയാത്ത ഒരു പിന്നാന്പുറ കഥ ഒരിക്കൽ ജോണി വെളിപ്പെടുത്തിയിരുന്നു.
മോഹൻലാൽ എന്ന നടന്റെ അർപ്പണ മനോഭാവത്തെക്കുറിച്ചാണ് ജോണി കുണ്ടറ അന്നു പറഞ്ഞത്. മോഹൻലാലുമൊത്തുള്ള ഒരു സംഘട്ടന രംഗത്തെക്കുറിച്ചാണ് ജോണി കുണ്ടറ വാചാലനായത്.
തിരുവനന്തപുരം മ്യൂസിയത്തിന് സമീപത്താണ് ഞാനും ലാലുമായുള്ള സംഘട്ടനരംഗം ഷൂട്ട് ചെയ്തത്. ഇറച്ചിയും മറ്റു മാലിന്യങ്ങളും മറ്റു വേസ്ററും കൊണ്ടിടുന്ന സ്ഥലമായിരുന്നു അത്. കാടും വള്ളിയും പടർന്നു കിടന്നിരുന്ന സഥലം. അതു ഞങ്ങൾ അറിഞ്ഞിരുന്നില്ല.
രാവിലെ ഷൂട്ടിന് സ്ഥലത്ത് എത്തിയപ്പോൾ തന്നെ വല്ലാത്ത ദുർഗന്ധം അടിച്ചിരുന്നു. ആദ്യത്തെ രണ്ടു പഞ്ച് കഴിഞ്ഞ് ഞാനും ലാലും വീണിടത്തെ മണ്ണിളകി.
അപ്പോഴാണ് മണ്ണിൽ നിന്നു പുഴുക്കൾ പുറത്തു വരുന്നത് കാണുന്നത്. എന്തു ചെയ്യണമെന്നു സംവിധായകൻ സിബി മലയിൽ ഞങ്ങളോടു ചോദിച്ചു.
നമുക്ക് ചെയ്തുകൂടെ എന്നായിരുന്നു ലാലിന്റെ ചോദ്യം. ലാൽ റെഡിയാണെങ്കിൽ റെഡിയാണെന്നു ഞാനും പറഞ്ഞു. അങ്ങനെ ഷൂട്ട് പൂർത്തിയാക്കി. ഏകദേശം ഉച്ചകഴിഞ്ഞ് മൂന്നു മണി വരെ ബ്രേക്ക് ഒന്നും എടുക്കാതെയാണ് ആ ഫൈറ്റ് രംഗങ്ങൾ ഞങ്ങൾ പൂർത്തിയാക്കിയത്.
ഷൂട്ട് കഴിഞ്ഞപ്പോൾ മോഹൻലാലിന്റെ ദേഹത്തൊക്കെ പുഴുക്കളെ കാണാമായിരുന്നു. പിന്നീട് ഞങ്ങൾ ഡെറ്റോളിൽ കുളിക്കുകയായിരുന്നു- ജോണി ഓർക്കുന്നു.
ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത കിരീടം എന്ന സിനിമ മലയാളത്തിലെ എക്കാലത്തെയും ഹിറ്റായി മാറി എന്നു ചരിത്രം.