കൊച്ചി: “പേടിക്കേണ്ട, അമ്മച്ചിയെ ഞാന്‍ ഒന്നും ചെയ്യില്ല. ഞാനിപ്പോഴും അമ്മച്ചിയുടെ ജോണാ, ആ പഴയ ജോണ്‍…’’
മുപ്പതു വര്‍ഷം മുമ്പ് സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഇന്‍ ഹരിഹര്‍നഗര്‍ സിനിമയില്‍ റിസബാവ, കവിയൂര്‍ പൊന്നമ്മയോട് ചിരി ചാലിച്ച് പതിഞ്ഞ സ്വരത്തില്‍ പറയുന്ന ഈ വാക്കുകള്‍ മലയാളി പ്രേക്ഷകർ മറന്നിട്ടില്ല.
അന്നുവരെയുണ്ടായിരുന്ന വില്ലന്‍ സങ്കല്പങ്ങള് മാറ്റിയെഴുതുകയായിരുന്നു ചിരിച്ചുകൊണ്ടു കൊല്ലുന്ന പുതിയ ശൈലിയിലൂടെ ജോണ്‍ ഹോനായി എന്ന ക്ലാസിക് വില്ലന്‍.
നായകനെക്കാള്‍ മിന്നിയ ആ വേറിട്ട വില്ലന്‍ രൂപവും ഭാവവും റിസബാവയ്ക്കു മലയാള സിനിമയിൽ പ്രത്യേകമായ ഒരു ഇടം നേടിക്കൊടുത്തു.
നായകനായും സ്വഭാവനടനായും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായുമൊക്കെ വെള്ളിത്തിരയില്‍ മൂന്നു പതിറ്റാണ്ടിലേറെ റിസബാവ നിറഞ്ഞുനിന്നെങ്കിലും ജോണ്‍ ഹോനായി പോലോരു കഥാപാത്രം പിന്നീട് അദ്ദേഹത്തിന് കിട്ടിയില്ലെന്നു വേണം പറയാന്‍.
നാടകരംഗത്ത് തിളങ്ങി നിൽക്കുന്പോഴായിരുന്നു സിനിമയിലെത്തിയത്. 150 ഓളം സിനിമകളിലും ഇരുപതോളം സീരിയലുകളിലും വേഷമിട്ടു.
ആനവാല് മോതിരം, ഇരിക്കൂ എംഡി അകത്തുണ്ട്, ജോര്‍ജുകുട്ടി C/o ജോര്‍ജുകുട്ടി, ചമ്പക്കുളം തച്ചന്, ഏഴരപ്പൊന്നാന, എന്റെ പൊന്നു തമ്പുരാന്,
മാന്ത്രികച്ചെപ്പ്, ഫസ്റ്റ് ബെല്‍, ബന്ധുക്കള്‍ ശത്രുക്കള്‍, കാബൂളിവാല, ആയിരപ്പറ, വധു ഡോക്ടറാണ്, മലപ്പുറം ഹാജി മഹാനായ ജോജി, മംഗലംവീട്ടില്‍ മാനസേശ്വരിസുപ്ത,
അനിയന്‍ബാവ ചേട്ടന്‍ബാവ, നിറം, എഴുപുന്ന തരകന്, ക്രൈം ഫയല്‍, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, കവര്‍ സ്റ്റോറി, നസ്രാണി, പരദേശി,
പോക്കിരിരാജ, ഈ അടുത്ത കാലത്ത്, സഖറിയായുടെ ഗര്‍ഭിണികള്‍, കോഹിന്നൂര്‍, ശുഭരാത്രി തുടങ്ങിയവയാണു പ്രധാന സിനിമകൾ.
അവസാനകാലങ്ങളില്‍ രോഗങ്ങളും ശാരീരിക അസ്വസ്ഥതകളും അദ്ദേഹത്തെ അഭിനയജീവിതത്തില്നിന്ന് അകറ്റിനിര്‍ത്തി. 1966 സെപ്റ്റംബര്‍ 24നാണു ജനനം. തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്സിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം.
ഷാജിമോന്‍ ജോസഫ്