സ്വന്തം ലേഖകൻ
തൃശൂർ: കൈയിൽ പിടിച്ച മുട്ട പൊട്ടാതെ 30 സെക്കൻഡുകൊണ്ട് 45 ജ്യൂസ് കാനുകൾ ഇടിച്ചു തകർത്ത് അവിണിശേരി സ്വദേശി ജോണ് പോൾ ഗിന്നസ് ബുക്കിൽ.
ഒന്നല്ല, രണ്ട് അഭ്യാസങ്ങളിലായാണ് ജോണ് പോൾ ഒരേ ദിവസം ഗിന്നസ് ലോകറിക്കാർഡ് കുറിച്ചത്. തകരംകൊണ്ടുള്ള കാൻ തകർക്കുന്ന അഭ്യാസത്തിനു പുറമേ, കുങ്ഫു ആയുധമായ നെഞ്ചക് ഒരു മിനിറ്റിൽ 136 തവണ ബാക്ക് ഹാൻഡ് റോൾ ചെയ്താണ് രണ്ടാത്തെ റിക്കാർഡ്.
രണ്ടു വർഷത്തെ പരിശീലനത്തിനു ശേഷമാണ് കാൻ തകർക്കലിൽ ചൈനക്കാരന്റെ റിക്കാർഡ് തകർത്തത്. നെഞ്ചക് അഭ്യാസത്തിൽ പാക്കിസ്ഥാൻകാരന്റെ റിക്കാർഡാണ് മറികടന്നത്.
കഴിഞ്ഞ വർഷം മേയ് മാസത്തിൽ നടത്തിയ ഗിന്നസ് ശ്രമത്തിന്റെ വീഡിയോയും രേഖകളും പരിശോധിച്ച് ഇക്കഴിഞ്ഞ മാസമാണ് ഗിന്നസ് ബുക്ക് അധികാരികൾ ലോകറിക്കാർഡ് രേഖപ്പെടുത്തിയത്.
ഇക്കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച സർട്ടിഫിക്കറ്റുകൾ എത്തിയത്. കൊടിയത്ത് വീട്ടിൽ രാജന്റെയും കൊച്ചുത്രേസ്യയുടേയും മകനാണ്.
14 ാം വയസിൽ കുങ്ഫു പരിശീലനം തുടങ്ങിയ ജോണ് പോൾ 18 -ാം വയസിൽ പരിശീലകനായി. 2019 ൽ കണ്ണു മൂടിക്കെട്ടി ഇരു കൈകളിലും നെഞ്ചക് വീശി അറേബ്യൻ വേൾഡ് റിക്കാർഡ് സ്വന്തമാക്കിയിരുന്നു.