ഗപ്പി, അന്പിളി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവ സംവിധായകൻ ജോണ്‍പോൾ ജോർജ് വിവാഹിതനായി.
അങ്കമാലി സ്വദേശിനി ജെസ്നിയാണ് വധു. ചെന്നൈ നൂത്തൻഞ്ചരി സെന്റ് ആന്റണീസ് കത്തീഡ്രലിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ഇരുവരും വിവാഹിതരായത്.
കോട്ടയം മൂലേടം കുന്നന്പള്ളി കളത്തിൽ പറന്പിൽ കെ.വി.ജോർജിന്റെയും റീത്താമ്മയുടെയും മകനാണ് ജോണ്‍പോൾ ജോർജ്. അങ്കമാലി കൊച്ചാപ്പള്ളിയിൽ കെ.പി.ജോയി-ജാൻസി ദന്പതികളുടെ മകളാണ് ജെസ്നി.
നിരവധി ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചു പരിചയ സന്പന്നനായ ജോണ്‍ പോൾ ഗപ്പി എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി മാറിയത്. ആദ്യത്തെ ചിത്രം തന്നെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയിരുന്നു.
സൗബിൻ ഷാഹിറിനെ നായകനാക്കി ചെയ്ത അന്പിളിയാണ് രണ്ടാമത്തെ ചിത്രം. കുടുംബ ചിത്രമെന്ന നിലയിൽ ഇതും പ്രേക്ഷകശ്രദ്ധ നേടി. ഗപ്പിയിലെയും അന്പിളിയിലെയും എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റുകളായി.
പരസ്യ ചിത്രങ്ങൾ അടക്കം ഒരുക്കിയിട്ടുള്ള ജോണ്‍പോൾ നിലവിൽ തമിഴ് ചിത്രവുമായി ബന്ധപ്പെട്ട അണിയറ പ്രവർത്തനങ്ങളിൽ സജീവമായിരിക്കുകയാണ്.