ശ്രീലങ്കയ്ക്കെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരന്പരയ്ക്കുള്ള ഓസീസ് ടീമിൽനിന്ന് ഇടം കൈയൻ പേസർ മിച്ചൽ സ്റ്റാർക്കിനെ ഒഴിവാക്കണമെന്ന് ഓസ്ട്രേലിയൻ മുൻ പേസർ മിച്ചൽ ജോണ്സണ്. ഇന്ത്യക്കെതിരായ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് സ്റ്റാർക്കിനെ ടീമിൽ നിന്നൊഴിവാക്കണമെന്ന് ജോണ്സണ് അഭിപ്രായപ്പെട്ടത്.
ടീമിലെ മറ്റ് പേസർമാരായ ജോഷ് ഹെയ്സൽവുഡും പാറ്റ് കമ്മിൻസും സ്റ്റാർക്കിനേക്കാൾ നന്നായി പന്തെറിയുന്നുണ്ടെന്നും ജോണ്സണ് പറഞ്ഞു. കഴിഞ്ഞ 12 ഇന്നിംഗ്സിൽ ആറ് തവണ ഓസ്ട്രേലിയയ്ക്കെതിരേ എതിരാളികൾ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. വിക്കറ്റ് വീഴ്ത്താൻ ഓസീസ് പേസർമാർക്കു സാധിക്കാതെവരുന്നതാണ് ഇതിനു കാരണം.
24 മുതലാണ് ഓസ്ട്രേലിയ-ശ്രീലങ്ക ടെസ്റ്റ് പരന്പര ആരംഭിക്കുക. ഇന്ത്യ-ഓസ്ട്രേലിയ മൂന്ന് മത്സര ഏകദിന പരന്പരയ്ക്കു ശേഷമാണിത്.