കൊച്ചി: ചുട്ടുപൊളളുന്ന കുംഭച്ചൂടില്‍ വഴിയാത്രികര്‍ക്ക് സൗജന്യമായി മോരുംവെള്ളം നല്കി ഉള്ളം തണുപ്പിക്കുകയാണ് പാലാരിവട്ടം പള്ളിനട ചമ്മിണി വീട്ടില്‍ ജോണ്സണ്.
പാലാരിവട്ടം തമ്മനം റോഡില്‍ പള്ളിനടയിലെ റോഡരുകില്‍ ജോണ്സണ് ഗ്ലാസുകളിലേക്ക് പകര്‍ന്നു നല്കുന്ന മോരുംവെള്ളം കുടിച്ച് പ്രതിദിനം 1200 ഓളം പേരാണ് ദാഹം ശമിക്കുന്നത്.
മില്‍മയുടെ 30 ലിറ്റര്‍ തൈര് വാങ്ങി മോരാക്കും. അതില്‍ ഇഞ്ചി, പച്ചമുളക്, ഉള്ളി, കറിവേപ്പില എന്നിവ ഇടിച്ചു ചേര്‍ത്ത് ഐസും ഇട്ടാണ് ആവശ്യക്കാര്‍ വിതരണം ചെയ്യുന്നത്. പ്രതിദിനം 2,500 രൂപയാണ് ഇതിനായി വിനിയോഗിക്കുന്നത്. ദിവസവും 1000 മുതല്‍ 1200 പേര് വരെ മോരും വെള്ളം കുടിക്കാനെത്തും. ചിലര്‍ മോരുംവെള്ളം കുപ്പിയില്‍ വാങ്ങിക്കൊണ്ടു പോകും.
രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയാണ് വിതരണം. രണ്ടാഴ്ച മുമ്പ് ആരംഭിച്ച വിതരണത്തില്‍ ആദ്യ നാളുകളില്‍ ഭാര്യ ബ്ലെസിയാണ് സഹായിച്ചിരുന്നത്. ഇപ്പോള്‍ സമീപത്തെ കടക്കാരും വിതരണത്തിനായി കൂടും. ഞായറാഴ്ചകളില്‍ വിതരണം ഇല്ല.
ജോണ്സണ് ഡെക്കറേഷന്‍സ് എന്ന പന്തല്‍ സ്ഥാപനം നടത്തുന്ന ജോണ്സന് തന്റെ തൊഴിലാളികള്‍ വെയിലത്ത് വിഷമിക്കുന്നത് കണ്ടാണ് ഇത്തരത്തിലുള്ള ഒരു പുണ്യപ്രവൃത്തിക്കായി മുന്നോട്ടു വന്നത്. കഴിഞ്ഞ എട്ടുവര്‍ഷമായി വേനല്‍ക്കാലത്ത് സൗജന്യ മോരുംവെള്ള വിതരണവുമായി ജോണ്സണ് നിരത്തിലുണ്ട്.
ദാഹിച്ചു പൊരിയുന്നവര്‍ക്ക് അല്പം കുടിവെള്ളം നല്കുന്നതു തന്നെ പുണ്യപ്രവര്ത്തിയല്ലേയെന്നാണ് ജോണ്സണ് പറയുന്നത്. വിദ്യാര്‍ഥികളായ മക്കള്‍ ജാസ്മിന്, ജെസ്ലി, ജുവല്‍ എന്നിവരും ജോണ്സണ് പിന്തുണയുമായി ഒപ്പമുണ്ട്.
സ്വന്തം ലേഖിക