ബിജു കടുത്തുരുത്തി
കടുത്തുരുത്തി: പപ്പായ കൃഷിയിൽ നൂറുമേനി വിജയവുമായി ജനപ്രതിനിധി. ഞീഴൂർ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോണ്സണ് കൊട്ടുകാപ്പള്ളി പരീക്ഷണാർത്ഥം ആരംഭിച്ച പപ്പായ കൃഷിയാണ് നൂറുമേനി വിജയമായത്. 1200 റെഡ് ലേഡി ടിഷ്യൂ കൾച്ചർ പപ്പായ തൈകൾ പാട്ടത്തിനെടുത്ത മൂന്നരയേക്കറോളം വരുന്ന പറന്പിൽ നട്ടുപിടിപ്പിച്ചാണ് ജോണ്സണ് കാർഷിക മേഖലയിൽ പുതിയ വിജയം രചിച്ചത്.
കാപ്പുന്തലയിലും കാട്ടാന്പാക്കിലുമാണ് കൃഷി ചെയ്തിരിക്കുന്നത്. പൂനയിൽ നിന്നും 32 രൂപ നിരക്കിൽ തൈ വാങ്ങിയാണ് ഡിസംബറിൽ ജോണ്സണ് കൃഷി ആരംഭിച്ചത്. നാലാം മാസത്തിൽ കായ് ഉണ്ടായ പപ്പായ ആറാം മാസമെത്തിയപ്പോൾ പഴമായി. ഇതിനോടകം മൂവായിരത്തോളം കിലോ പപ്പായ വിളവെടുത്തു വിൽപന നടത്തി. എറണാകുളത്തെ ലുലു മാർക്കറ്റിലാണ് ജോണ്സണ് പപ്പായ പഴങ്ങൾ വിൽക്കുന്നത്.
കിലോയ്ക്കു 22 രൂപ നിരക്കിലാണ് പപ്പായ വിൽക്കുന്നത്. സാധാരണ മാർക്കറ്റുകളിൽ പപ്പായ വിൽക്കുകയെന്നത് ദുഷ്കരമാണ്. ഇതിനായി സ്വയം മാർക്കറ്റ് കണ്ടെത്തേണ്ടതുണ്ട്. ഇതുമൂലം പലരും ഈ മേഖലയിൽ കൈ വയ്ക്കാറില്ല. ആഴ്ച്ചയിൽ 1200 കിലോയോളം വിളവെടുത്ത് ജോണ്സണ് വിൽക്കുന്നുണ്ട്. പൂർണമായും ജൈവവളം ഉപയോഗിച്ചാണ് ജോണ്സണ് പപ്പായ കൃഷി ചെയ്യുന്നത്. ഒരാൾ ഉയരത്തിലേ റെഡ് ലേഡി പപ്പായ വളരുവെന്നത് ഫലം എടുക്കുന്പോളുള്ള മറ്റു ചെലവുകൾ ഒഴിവാക്കുന്നു.
ഒന്നര വർഷത്തേക്ക് ഒരു തൈയിൽ നിന്നും ഫലം ലഭിക്കും. പുറം പച്ചത്തൊലിയാണെങ്കിലും പപ്പായയുടെ അകവശം ചുവപ്പ് കളറാണ്. ഐസ്ക്രീം ഉണ്ടാക്കുന്നതിനും ബ്യൂട്ടിപാർലറിലെ ഉപയോഗത്തിനുമാണ് റെഡ് ലേഡി പപ്പായ കൂടുതലായും ഉപയോഗിക്കുന്നത്.
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഫലം കൂടിയാണിത്. റെഡ് ലേഡി പപ്പായ കേട് കൂടാതെ 15 ദിവസത്തോളം സൂക്ഷിക്കാമെന്നതും നേട്ടമാണ്. ഒരു ചുവട് പപ്പായ കൃഷി ചെയ്യാൻ 250 രൂപയോളം ചെലവ് വന്നിട്ടുണ്ടെന്ന് ജോണ്സണ് പറഞ്ഞു. പൈനാപ്പിൾ, കപ്പ, വാഴ തുടങ്ങിയ കൃഷികളും ജോണ്സണ് ചെയ്യുന്നുണ്ട്