കൊച്ചി: മലയാറ്റൂർ കുരിശുമുടിയിലെ കപ്യാർ ജോലിയിൽനിന്നു സസ്പെൻഡ് ചെയ്തതിലെ വൈരാഗ്യമാണു റെക്ടർ ഫാ. സേവ്യർ തേലക്കാട്ടിനെ ആക്രമിക്കാൻ പ്രേരിപ്പിച്ചതെന്നു കേസിലെ പ്രതി ജോണിയുടെ മൊഴി.
ജോണിയുടെ മൊഴിയിലെ വിശദാംശങ്ങൾ ചുവടെ- മുപ്പതു വർഷത്തിലധികം കപ്യാർ ജോലി ചെയ്ത തന്നെ ഒഴിവാക്കിയതിനു പിന്നിൽ അച്ചനായിരുന്നുവെന്നു വിശ്വസിച്ചു. കൊലപ്പെടുത്താൻ ഉദ്ദേശിച്ചല്ല കത്തിയുപയോഗിച്ചു കുത്തിയത്. സംഭവം നടക്കുന്പോൾ മദ്യലഹരിയിലായിരുന്നു.
കൊലയ്ക്കുശേഷം കുരിശുമുടിക്കു സമീപത്തെ വനത്തിൽ ന്നെയുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി വെള്ളം കുടിക്കാൻ പതിമൂന്നാം സ്ഥലത്തിനു സമീപത്തെത്തിയപ്പോൾ, മല കയറാനെത്തിയ ഒരാളിൽനിന്നാണ് അച്ചൻ മരിച്ചവിവരം അറിഞ്ഞത്. തന്നെ അന്വേഷിച്ച പോലീസ് പലവട്ടം എന്റെ അടുത്തുവരെ എത്തിയിരുന്നു.
അവരുടെ കണ്ണിൽപ്പെടാതെ മറഞ്ഞിരിക്കുകയായിരുന്നു. ഒന്നാം സ്ഥലത്തിനു സമീപം ഇഞ്ചക്കുഴി തോട്ടത്തിലെ ആളൊഴിഞ്ഞ ഷെഡിൽ ഉടുത്തിരുന്ന മുണ്ടുപയോഗിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. മുണ്ട് കീറിയതിനെത്തുടർന്ന് ആ ശ്രമം വിജയിച്ചില്ല. തുടർന്നാണ് അവശനിലയിലായ തന്നെ പോലീസ് പിടികൂടിയത്.
ജോണി പോലീസിന്റെ പിടിയിലാകുന്പോൾ അടിവസ്ത്രം മാത്രമായിരുന്നു വേഷം. ഉടുക്കാൻ മുണ്ടും കുടിക്കാൻ വെള്ളവും കൊടുത്തശേഷമാണു പോലീസ് മലയിൽനിന്നു ജോണിയെ താഴേക്കെത്തിച്ചത്.