ചാവക്കാട്/ പാവറട്ടി: “വില്ലൻ’ നായകനായി, ഒരു ജീവൻ രക്ഷിച്ചു.ചാവക്കാട് നിന്ന് പറപ്പൂർവഴി തൃശൂരിലേക്ക് സർവീസ് നടത്തുന്ന ജോണി ബ്രദേഴ് സിന്റെ “വില്ലൻ’ എന്ന ബസും അതിലെ ജീവനക്കാരുമാണ് നായകവേഷം കെട്ടിയത്.
ഇന്നലെ രാവിലെ ചാവക്കാടുനിന്ന് പുറപ്പെട്ട ബസിലെ യാത്രക്കാരിക്കു പറപ്പൂരിൽവച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു. സഹയാത്രികർ വിവരം ജീവനക്കാരോടു പറഞ്ഞു.
ട്രിപ്പ് കട്ട് ചെയ്ത് ബസ് നേരെ അമല ആശുപത്രിയിലേക്കു പാഞ്ഞു. ആംബുലൻസിന്റെ വേഗതയിൽ.അത്യാഹിത വിഭാഗത്തിൽ എത്തിക്കുക മാത്രമല്ല രോഗിക്ക് ആവശ്യമായ സഹായവും ചെയ്തുകൊടുത്താണു ബസ് ജീവനക്കാരായ റിബിൻ ബാലൻ, ഷംസീർ എന്നിവർ വീണ്ടും പതിവ് സർവീസിനായി നിരത്തിൽ ഇറങ്ങിയത്.
ജീവൻ രക്ഷിക്കാൻ മാതൃകാപരമായി പ്രവർത്തിച്ച ബസ് ജീവനക്കാർക്ക് അന്നകര ബസ് യാത്രക്കാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ സ്നേഹോ പഹാരങ്ങൾ നൽകി.