എസ്.ആർ. സുധീർ കുമാർ
കൊല്ലം: അഭിനയത്തിൽ വില്ലൻ വേഷങ്ങളിലാണ് കുണ്ടറ ജോണി തിളങ്ങിയതെങ്കിലും വ്യക്തി ജീവിതത്തിൽ മുഴുനീള തമാശക്കാരനായിരുന്നു അദ്ദേഹം.
നാല് പതിറ്റാണ്ടത്തെ അഭിനയ ജീവിതത്തിൽ മലയാള പ്രേക്ഷകർക്ക് ഒരിക്കലും മറക്കാനാകാത്ത ഒത്തിരി വില്ലൻ വേഷങ്ങൾ സമ്മാനിച്ചാണ് ജോണിയുടെ മടക്കം.
ഇതര ഭാഷകളിൽ അടക്കം 400-ൽ അധികം സിനിമകളിൽ അഭിനയിച്ചു വെങ്കിലും സിനിമാക്കാരൻ എന്ന തലക്കനം ജോണി യിൽ ഒരിക്കലും ദർശിക്കാൻ കഴിഞ്ഞിട്ടില്ല.
ആരോടും വലിപ്പച്ചെറുപ്പം ഇല്ലാതെ അടുത്തിടപെടുന്ന സ്വഭാവക്കാരനായിരുന്നു. സത്യൻ ഒഴികെയുള്ള മലയാളത്തിലെ എല്ലാ പ്രമുഖ നടൻമാർക്കൊപ്പവും അഭിനയിക്കാൻ കഴിഞ്ഞ തിന്റെ ചാരിതാർഥ്യം അദ്ദേഹം എപ്പോഴും എല്ലാവരോടും പങ്കുവച്ചിരുന്നു.
നടൻ മധുവും ജോണിയും തമ്മിൽ വല്ലാത്ത ആത്മബന്ധമായിരുന്നു. ജോണി തന്റെ മകനായി അഭിനയിക്കണം എന്ന ആഗ്രഹം മധു സാർ പലകുറി പങ്കുവച്ചതായി ജോണി സുഹൃത്തുക്കളോട് പറയുമായിരുന്നു.
കോളജ് പഠനകാലത്ത് അറിയപ്പെടുന്ന ഫുട്ബോളർ ആയിരുന്നു. ഗോളിയുടെ റോൾ ആയിരുന്നു ജോണിക്ക്. ഗോൾ കീപ്പറുടെ വേഷത്തിലും നന്നായി തിളങ്ങി. ഒരു വർഷം പാരലൽ കോളജ് അധ്യാപകനായും പ്രവർത്തിച്ചു.
പിന്നീട് വിവിധ സ്ഥാപനങ്ങളുടെയും ക്ലബുകളുടെയും കളിക്കാരനായി ഗോൾ വല കാത്തു. 1979-ലാണ് സിനിമാ രംഗത്ത് എത്തിയത്. നിത്യവസന്തം ആയിരുന്നു കന്നി സിനിമ. ചില സീരിയലുകളിലും അഭിനേതാവായി തിളങ്ങി.
പൂർണമായും ഒരു സ്വഭാവ നടന്റെ വേഷത്തിൽ മലയാള സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ജോണി അരങ്ങൊഴിഞ്ഞത്.
സിനിമാ രംഗത്തെ പിന്നാമ്പുറ തമാശകൾ സുഹൃത്തുക്കളോട് പറയുന്നത് ജോണിയുടെ പ്രത്യേക സ്വഭാവ വിശേഷങ്ങളിൽ ഒന്നായിരുന്നു. ഇത് കേൾക്കാനായി പലരും അദ്ദേഹത്തിന്റെ വീട്ടിൽ സ്ഥിരമായി പോകുമായിരുന്നു.
ഇത് കൊണ്ട് രണ്ട് ഗുണങ്ങൾ ഉണ്ടെന്നാണ് കൂട്ടുകാർ പറയുന്നത്. മനസ് നിറഞ്ഞ് ചിരിക്കാം, ഒപ്പം വയർ നിറയെ ഭക്ഷണവും കഴിക്കാം. വീട്ടിൽ എത്തുന്നവർ ഭക്ഷണം കഴിക്കാതെ പോകാൻ പാടില്ല എന്ന നിഷ്കർഷ ജോണിക്കും കുടുംബാംഗങ്ങൾക്കും ഉണ്ടായിരുന്നു.
പ്രമുഖ നടന്മാരുടെ ശബ്ദങ്ങൾ അനുകരിക്കാൻ ജോണിക്ക് അപാര കഴിവുമുണ്ടായിരുന്നു എന്ന കാര്യം അധികമാർക്കും അറിയില്ല.തിക്കുറിശി, ശങ്കരാടി, ജഗതി ശ്രീകുമാർ, പ്രതാപചന്ദ്രൻ, പ്രേം നസീർ എന്നിവരുടെ ശബ്ദം അനുകരിക്കാനായിരുന്നു ഏറെ ഇഷ്ടം. മിമിക്രിക്കാരെ വെല്ലുന്ന സിദ്ധി ഇക്കാര്യത്തിൽ ജോണിക്ക് ഉണ്ടായിരുന്നു.
സാമൂഹിക സാംസ്കാരിക രംഗത്തും അദ്ദേഹം നിറ സാന്നിധ്യമായിരുന്നു. ക്രിസ്ത്യൻ സർവീസ് സൊസൈറ്റിയുടെ വൈസ് ചെയർമാനായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം സംഘടനയുടെ ആജീവനാന്ത അംഗമാണ്.
കൊട്ടാരക്കര ലയൺസ് ക്ലബിലും അംഗമാണ്. കുണ്ടറ ഫൈൻ ആർട്സ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റും ആജീവനാന്ത പ്രസിഡന്റുമാണ്.
കുണ്ടറയിലെ കുറ്റിപ്പുറത്ത് വീട്ടിലായിരുന്നു സ്ഥിര താമസമെങ്കിലും പ്രമേഹം സംബന്ധിച്ച ചില അസ്വസ്ഥതകളും മക്കളുടെ പഠന സൗകര്യങ്ങളും കണക്കിലെടുത്ത് കൊല്ലം കാങ്കത്ത് മുക്കിലെ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. അവിടുന്ന് ഭാര്യയും മകനുമൊത്ത് ടൗണിലേയ്ക്ക് വരവേ ഹൃദയാഘാതം ഉണ്ടായാണ് അന്ത്യം സംഭവിച്ചത്.